ടാക്കിളിൽ കാൽ ഓടിയാതെ കിട്ടിയത് ഭാഗ്യം, കവാനിയുടെ റെഡ് കാർഡിനെക്കുറിച്ച് റിചാർളിസൺ മനസുതുറക്കുന്നു

ഉറുഗ്വായ്ക്കെതിരായി നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയിരിക്കുകയാണ്. യുവന്റസ് മധ്യനിരതാരം ആർതർ മെലോയുടെയും എവർട്ടൺ സൂപ്പർതാരം രിചാർളിസന്റെയും ഗോളുകളാണ് ബ്രസീലിനു വിജയം സമ്മാനിച്ചത്. സൂപ്പർതാരം നെയ്മർ ജൂനിയറുടെ അഭാവത്തിലും ശക്തരായ ഉറുഗ്വായ്ക്കെതിരെ മികച്ച പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്.

ഇതോടെ പോയിന്റു പട്ടികയിൽ തുടർച്ചയായ നാലു വിജയവുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ് ബ്രസീൽ. സൂപ്പർതാരം ലൂയിസ് സുവാരസിന്റെയും മധ്യനിരയിൽ യുവപ്രതിഭ ഫെഡെ വാൽവെർദെയുടെ ആഭാവത്തിലാണ് ഉറുഗ്വായ് കളിച്ചതെന്നത് ബ്രസീലിനു കുറച്ചു മുൻകൈ നൽകിയിരുന്നു. മത്സരത്തിനിടെ സൂപ്പർതാരം എഡിൻസൺ കവാനിക്ക് റെഡ് കാർഡ് കണ്ടു പുറത്തു പോവേണ്ടിയും വന്നു.

എഴുപത്തൊന്നാം മിനുട്ടിൽ രിചാർളിസന്റെ കണങ്കാലിൽ ചവിട്ടി വീഴ്ത്തിയതിനാണ് റഫറി കവാനിക്ക് റെഡ് കാർഡ് നൽകി പുറത്താക്കിയത്. ആദ്യം മഞ്ഞക്കാർഡാണ് നൽകിയതെങ്കിലും പിന്നീട് വീഡിയോ റഫറിയുടെ നിർദേശത്തിൽ വാർ മോണിറ്ററിൽ വീഡിയോ ശകലങ്ങൾ പരിശോധിച്ച് കവാനിക്ക് റെഡ് കാർഡ് വിധിക്കുകയായിരുന്നു. ആ ടാക്കിളിൽ തന്റെ കാലിന്റെ എല്ലൊടിയുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടതാണെന്നുമാണ് രിചാർളിസൺ മത്സരശേഷം പറഞ്ഞത്.

” അതു പന്തിനു വേണ്ടിയുള്ള ഒരു മത്സരമായിരുന്നു. തീർച്ചയായും അദ്ദേഹം എന്റെ മുകളിലൂടെയാണ് ഓടിക്കയറിയത്. നിലത്തു കൂടുതൽ ചേർന്നാണ് എന്റെ കാലുണ്ടായിരുന്നതെങ്കിലും ആ ചവിട്ടിൽ എന്റെ എല്ലൊടിയുമായിരുന്നു. പക്ഷെ അതദ്ദേഹം വേണമെന്ന് വെച്ചു ചെയ്തതാണെന്നു തോന്നുന്നില്ല. എനിക്ക് തോന്നുന്നത് പന്തിന് വേണ്ടി ശ്രമിച്ചപ്പോൾ പന്തിനു പകരം എന്റെ കാലിൽ ചവിട്ടുകയായിരുന്നുവെന്നാണ്. അത് മത്സരത്തിൽ സ്വാഭാവികമായി കാണുന്ന സാഹചര്യമാണ്.” രിചാർളിസൺ മത്സരശേഷം സിബിഎഫ് സ്പോർട്സിനോട് പറഞ്ഞു.

You Might Also Like