ഓസീസിനോട് ‘പോയി പണി നോക്കാന്‍’ രഹാന, ഇത്രയേറെ പ്രതിസന്ധികള്‍ അതിജീവിച്ച് ഒരു ടെസ്റ്റ് ജയിച്ചിട്ടുണ്ടോ?

Image 3
CricketTeam India

സന്ദീപ് ദാസ്

നാലാമിന്നിങ്‌സില്‍ 69 റണ്ണുകള്‍ മാത്രം പ്രതിരോധിക്കാനുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിന് തുടരെ വിക്കറ്റുകള്‍ വീഴ്ത്തുക എന്ന ഒറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രണ്ട് തലകള്‍ അവര്‍ പെട്ടന്ന് അരിഞ്ഞിട്ടതുമാണ്. ഓപ്പണര്‍ മായങ്കും പാറപോലെ ഉറച്ചുനില്‍ക്കുന്ന പുജാരയും കൂടാരത്തിലേക്ക് മടങ്ങിയിരുന്നു.

36 ഓളൗട്ടിന്റെ ഓര്‍മ്മകള്‍ ഓസീസിന് പ്രതീക്ഷ നല്‍കിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്കയും.

അപ്പോഴാണ് അജിന്‍ക്യ രഹാനെ ക്രീസിലെത്തുന്നത്. കമ്മിന്‍സ് ഷോര്‍ട്ട്‌ബോള്‍ ഉപയോഗിച്ചു. ഒരു തകര്‍പ്പന്‍ പുള്‍! പന്ത് ബൗണ്ടറിയില്‍!

”പോയി പണി നോക്ക് ” എന്ന് വിളിച്ചുപറയുംപോലൊരു ഷോട്ട്!

പിന്നെ പടപടാ അടിയായിരുന്നു. പന്ത് നാലുപാടും പറന്നു. എല്ലാം വളരെ പെട്ടന്ന് അവസാനിച്ചു. ”ക്യാപ്റ്റന്‍ മീന്‍സ് ബിസിനസ് ” എന്നാണ് ഷെയ്ന്‍ വോണ്‍ കമന്ററി ബോക്‌സിലൂടെ പറഞ്ഞത്.

ഇതിനുമുമ്പ് ഇത്രയേറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ഇന്ത്യ ഒരു വിദേശടെസ്റ്റ് ജയിച്ചിട്ടുണ്ടോ? എന്റെ ഓര്‍മ്മയില്‍ ഒന്നും തെളിയുന്നില്ല.

ബോക്‌സിങ്ങ് ഡേയിലെ വിജയം ടീം എഫര്‍ട്ടായിരുന്നു. പക്ഷേ ഈ വിജയം രഹാനെയുടെ പേരിലാണ് അറിയപ്പെടുക. അയാളത് നൂറുശതമാനം അര്‍ഹിക്കുന്നു.

രഹാനെയാണ് വിജയറണ്‍ നേടിയത്. നായകനാണ് കളിയിലെ കേമനായത്. അതാണ് കാവ്യനീതി.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്