ഇത് റാലി ഡോബ്സന്റെ പ്രണയകഥ, പ്രിയതമനെ പരിചരിക്കാൻ ഫുട്ബോളിൽ നിന്നും വിരമിക്കുന്നു

Image 3
FeaturedFootballFootball News

ഫുട്ബോളിൽ വ്യത്യസ്തങ്ങളായ പ്രണയകഥകൾ നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ സ്വന്തം പ്രിയതമന് വേണ്ടി ജീവനായ ഫുട്ബോൾ തന്നെ ഉപേക്ഷിക്കേണ്ടി വന്ന കാമുകിയുടെ ത്യാഗത്തിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു കഥയാണ് ഓസ്ട്രേലിയൻ ലീഗിലെ മെൽബൺ സിറ്റി എഫ്‌സിയുടെ വനിതാതാരം റാലി ഡോബ്സണും ഫുട്ബോൾ ലോകത്തോടു പറയാനുള്ളത്. പെർത്ത് ഗ്ലോറിക്കെതിരായ അവസാനമത്സരത്തിൽ 2-1ന്റെ വിജയം സ്വന്തമാക്കി ഫുട്ബോളിൽ നിന്നു തന്നെ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് വെറും ഇരുപത്തെട്ടുകാരിയായ റാലി ഡോബ്സൺ.

ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ ഒരു കാരണമുണ്ട്. തന്റെ പ്രിയതമനായ മാറ്റിനു അകാലത്തിൽ വന്ന മസ്തിഷ്കാർബുദത്തിനു പരിചരിക്കാനായാണ് റാലിക്ക് ഫുട്ബോളിൽ നിന്നു തന്നെ വിടപറയേണ്ടി വന്നിരിക്കുന്നത്. ഫുട്ബോൾ കരിയറിലെ തന്നെ തന്റെ അവസാന മത്സരത്തിൽ മെൽബൺ സിറ്റിക്കായി വിജയഗോൾ നേടിയാണ്‌ പ്രിയപ്പെട്ട ഫുട്ബോളിന് റാലി വിട പറയുന്നത്.

ഗോൾ നേടി കോർണർ ഫ്ലാഗിനടുത്തേക്ക് വന്നത് ഇതിഹാസതാരം ടിം കാഹിലിന്റെ പ്രശസ്ത ഗോൾ സെലിബ്രേഷൻ ചെയ്യാനായിരുന്നില്ല. പകരം തന്റെ പ്രിയതമനെ കാണുന്നതിനായിരുന്നു. പക്ഷെ അടുത്ത നിമിഷം സംഭവിച്ചത് അവൾ പ്രതീക്ഷിക്കാത്ത മറ്റൊന്നായിരുന്നു. മുട്ടിൽ നിന്നുകൊണ്ട് മാറ്റ് തന്റെ പ്രിയ സഖിക്ക് മോതിരവും ഉയർത്തിപ്പിടിച്ചു തന്നെ കല്യാണം കഴിക്കൂ എന്നു പറയുന്ന ആ സുന്ദരനിമിഷം ഫുട്ബോൾ ആരാധകരെ കണ്ണീരണിയിക്കുന്നതായിരുന്നു.

അവൾ തന്നെയാണ് ഇടക്കിടക്ക് തന്നെ ഒരു വട്ടം കൂടി കല്യാണം കഴിക്കണമെന്ന് മാറ്റിനോട് പറയാറുള്ളത്. ആ ആഗ്രഹം തന്റെ പ്രിയതമ വിരമിക്കുന്ന മത്സരത്തിൽ തന്നെ മാറ്റ് സാധിച്ചുകൊടുക്കുകയായിരുന്നു. ഇനിയുള്ള റാലിയുടെ ജീവിതം ഒരു വട്ടം മസ്തിഷ്കശസ്ത്രക്രിയ കഴിഞ്ഞ പ്രിയതമനൊപ്പമായിരിക്കും. ഫുട്ബോളിൽ നിന്നും എന്നെന്നേക്കുമായി വിടപറഞ്ഞതോടെ ക്യാൻസറിനെതിരെ പോരാടാൻ റേഡിയോതെറാപ്പിക്ക് ധൈര്യവും കരുതലുമായി മാറ്റിനൊപ്പം ഇനി റാലിയുമുണ്ടാവും.