ചക്ക വീണ് മുയല് ചത്തതല്ല, ഒരു രാത്രിയുടെ അത്ഭുതവുമല്ല, നമീബിയക്കിത് കഠിനാധ്വാനത്തിന്റെ വിജയം

Image 3
CricketWorldcup

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാനായതിന്റെ ആവേശത്തിലാണ് നമീബിയ ടീം. കരുത്തരായ അയര്‍ലന്‍ഡിനേയും നെതര്‍ലന്‍ഡിനേയും മറികടന്നാണ് ശ്രീലങ്കയ്ക്ക് പിന്നാലെ നമീബിയയും സൂപ്പര്‍ 12 പോരാട്ടങ്ങളിലേക്ക് യോഗ്യത നേടിയത്.

ഇത് ഒരു രാത്രിയുടെ അത്ഭുതമല്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണെന്നാണ് നമീബിയ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും മുന്‍ താരവുമായ റൂഡി വാന്‍ വൂറന്‍ പറയുന്നത്.

അസോസ്സിയേറ്റ് അംഗായ നമീബിയ ആദ്യമായാണ് ഒരു ഫുള്‍ ടൈം മെമ്പര്‍ക്കെതിരെ വിജയം കരസ്ഥമാക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പുതിയ ബോര്‍ഡിന്റെ കീഴില്‍ നമീബിയന്‍ ക്രിക്കറ്റില്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് റൂഡി വ്യക്തമാക്കി.

തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം 2003 ഐസിസി ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയതാണെന്നും എന്നാല്‍ അതെല്ലാം ചരിത്രം മാത്രമാണെന്നും ഇന്ന് നമീബിയന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടം ടി20 ലോകകപ്പില്‍ നടത്തിയ മുന്നേറ്റം ആണെന്നും റൂഡി വ്യക്തമാക്കി.

ഇത് കൂടാതെ അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ടീം ഉറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെ തകര്‍ത്താണ് നമീബിയ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിനുളള സൂപ്പര്‍ 12ലേക്ക് യോഗ്യത ഉറപ്പാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നമീബിയ ലക്ഷ്യത്തിലെത്തി.