രോഹിത്തിന്റെ പകരക്കാരനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

ഓസ്ട്രേലിയന്‍ പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്. പരിക്കേറ്റ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലുള്ള രോഹിത് ശര്‍മക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്നും പകരം ശ്രേയസ് അയ്യരെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാല്‍ നിലവിലെ സാധ്യതകള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ്. ഐപിഎല്ലിനിടെ കാല്‍ മസിലിന് പരിക്കേറ്റതാണ് രോഹിത് ശര്‍മക്ക് തിരിച്ചടിയായത്. ഐപിഎല്ലിലെ ഫൈനലിലടക്കം രോഹിത് കളിക്കുകയും തിളങ്ങുകയും ചെയ്തെങ്കിലും പൂര്‍ണ്ണ കായിക ക്ഷമത കൈവരിക്കാന്‍ രോഹിതിന് സാധിച്ചിരുന്നില്ല.

അതിനാല്‍ അദ്ദേഹം എന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17നാണ് ആരംഭിക്കുന്നത്. നിലവിലെ നിയമപ്രകാരം ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ നോക്കണം. രണ്ട് ദിവസത്തിനുള്ളിലെങ്കിലും ഇന്ത്യയില്‍ നിന്ന് കയറാന്‍ സാധിച്ചാല്‍ മാത്രമെ രോഹിതിന് ടെസ്റ്റ് പരമ്പര കളിക്കാനാവൂ.

കാരണം ക്വാറന്റെയ്ന് ശേഷം പരിശീലനം നടത്താനുള്ള സമയം കൂടി ലഭിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം രോഹിത് ശര്‍മക്ക് പരമ്പര നഷ്ടമാകും. പരിമിത ഓവര്‍ പരമ്പര രോഹിതിന് നഷ്ടമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് പകരക്കാരനായി പരിചയസമ്പന്നനായ രോഹിതിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്.

ഇപ്പോള്‍ രോഹിതിനും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യന്‍ ടീമിനത് കടുത്ത തിരിച്ചടിയാവും. നിലവിലെ കോവിഡ് സാഹചര്യത്തില്‍ പുറത്ത് നിന്നൊരു താരത്തെ ടീമില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. അതിനാലാണ് നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമാകുന്നത്. ശ്രേയസിനെ ടീമിലേക്ക് പരിഗണിക്കുന്നത് സംബന്ധിച്ച സൂചനകള്‍ ബിസിസി ഐ വൃത്തങ്ങള്‍ നല്‍കിയിട്ടുണ്ട്.

രോഹിതിനൊപ്പം ഇഷാന്ത് ശര്‍മക്കും പരമ്പര നഷ്ടമായേക്കും. ഓസ്ട്രേലിയയില്‍ മികച്ച റെക്കോഡുള്ള ഇഷാന്തിന്റെ സേവനം നഷ്ടമായാല്‍ ഇന്ത്യന്‍ ബൗളിങ്ങിലും അത് പരിഗണിക്കും. 2019ല്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചാല്‍ ബൂംറ, ഷമി, ഇഷാന്ത് പേസ് കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നു. ഇഷാന്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉമേഷ് യാദവ് പകരക്കാരനായേക്കും. മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.

കോഹ്ലി, രോഹിത് എന്നിവരുടെ അഭാവം ഇന്ത്യന്‍ ബാറ്റിങ്ങില്‍ വലിയ വിടവുണ്ടാക്കും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ ഇത് കാരണമാകും. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റ്സ്മാന്‍മാര്‍. ശുബ്മാന്‍ ഗില്ലിനും ടീമില്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണത്തെ ഐപിഎല്ലിലടക്കം മികച്ച റെക്കോഡുള്ള ശ്രേയസിന് ഓസീസില്‍ മുമ്പ് എ ടീമിനൊപ്പം കളിച്ച് പരിചയസമ്പത്തുണ്ട്. യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള മികച്ച അവസരമാണ് എത്തിയിരിക്കുന്നത്.

You Might Also Like