റയലിനെ യൂറോപ്പയിൽ നേരിടേണ്ടി വരുമോ? ചോദ്യത്തിനെതിരെ രോഷാകുലനായി മുൻ റയൽ താരം

Image 3
Europa LeagueFeaturedFootball

റയൽമാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനത്തിലേക്ക് ചേക്കേറിയ യുവതാരമാണ് സെർജിയോ റെഗ്വിലോൺ. ടോട്ടനത്തിലേക്ക് സ്ഥിരം ട്രാൻഫറിലാണ് ചേക്കേറിയതെങ്കിലും തന്റെ മുൻ ക്ലബ്ബിനോടുള്ള താരത്തിന്റെ സ്നേഹത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരൻ. അടുത്തിടെ റയൽ മാഡ്രിഡ്‌ തന്റെ വീടാണെന്നും ഉടൻ തന്നെ റയലിലേക്കു തന്നെ തിരിച്ചുപോവാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോൾ മറ്റൊരു അഭിമുഖത്തിൽ തന്റെ പ്രിയ ക്ലബ്ബിനെതിരെയുള്ള അവഹേളനത്തെ പ്രതിരോധിച്ച് തന്റെ സ്നേഹം വ്യക്തമാക്കിയിരിക്കുകയാണ് താരം. നിലവിൽ യൂറോപ്പ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ടോട്ടനത്തിനു റയൽ മാഡ്രിഡിനെ നേരിടേണ്ടി വരുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വായടക്കാനാണ് താരം തുറന്നടിച്ച് പറഞ്ഞത്. അതൊരു മോശം പ്രതീകമായിരുന്നുവെന്നാണ് റെഗ്വിലോൺ ചൂണ്ടിക്കാണിച്ചത്.

ചാമ്പ്യൻസ്‌ലീഗിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ തുടക്കം റയൽ മാഡ്രിഡിനു വലിയ തിരിച്ചടിയാണ് തന്നതെങ്കിലും റയൽ മാഡ്രിഡ്‌ അതിനെല്ലാം പരിഹാരം കണ്ടെത്തുമെന്നാണ് റെഗ്വിലോൺ ഉറച്ചു വിശ്വസിക്കുന്നത്. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌. ഫെറെൻക്വാരോസിനോടും ഷാക്തറിനോടും രണ്ടു എവേ മത്സരങ്ങളാണ് ഇനി മാഡ്രിഡിനുള്ളത്. നിലവിൽ സ്പെയിൻ ഡ്യൂട്ടിയിലുള്ള റെഗ്വിലോണുമായി നടന്ന അഭിമുഖത്തിലാണ് താരം റയലിനെ പിന്തുണച്ചത്.

“യൂറോപ്പ ലീഗിൽ റയൽ മാഡ്രിഡിനെ നേരിടേണ്ടി വരികയോ? വായടക്ക് മനുഷ്യാ, വായടക്ക്. എങ്കിൽ അതൊരു വളരെ മോശമായ സൂചനയായിരിക്കും. മാഡ്രിഡ്‌ ഇതിനെയെല്ലാം തരണം ചെയ്യും. ചാമ്പ്യൻസ്‌ലീഗിൽ സംഭവിക്കുന്നതിനെല്ലാം അവർ തന്നെ പരിഹാരം കണ്ടെത്തും.” റെഗ്വിലോൺ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി. ടോട്ടനത്തിൽ ഗാരെത് ബെയ്ൽ വളരെയധികം സന്തോഷവാനാണെന്നും റെഗ്വിലോൺ വ്യക്തമാക്കി.