ബ്ലാസ്‌റ്റേഴ്‌സ് ‘മുതലാളിമാര്‍ക്ക്’ വന്‍ തിരിച്ചടി, 5 താരങ്ങള്‍ക്ക് കോവിഡ്
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്ന സെര്‍ബിയന്‍ സൂപ്പര്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന്റെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെല്‍ഗ്രേഡ് താരങ്ഹളായ മാര്‍ക്കോ ഗൊബ്ലിജിക്ക്, നിഗെസ് പെട്രോവിക്ക്, ദുസാന്‍ ജോവന്‍സിക്ക്, മാര്‍ക്കോ കൊനതാര്‍, ബ്രോങ്കോ ജോവിസിസ് എന്നീ താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
റെഡ്‌സ്റ്റാര്‍ തന്നെയാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. നാല് പേര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതായും ഒരാള്‍ രോഗലക്ഷണമൊന്നും കാണിച്ചില്ലെന്നും ക്ലബ് അറിയിച്ചു.
16000 കാണികളെ പങ്കെടുപ്പിച്ച് മത്സരം നടത്തിയതിന് പിന്നാലെയാണ് കോവിഡ് വാര്‍ത്തയെത്തുന്നത്. ബദ്ധവൈരികളായ പാര്‍ട്രീസണ്‍ ബെല്‍ഗ്രേഡിനെ നേരിടുന്ന മത്സരത്തിലാണ് പതിനറായിരത്തോളം കാണികളെത്തിയത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം യൂറോപ്പില്‍ ഒത്തുകൂടുന്ന ഏറ്റവും വലിയ ജനസംഖ്യയായിരുന്നു ഇത്. മാത്രമല്ല ശനിയാഴ്ച്ച സെര്‍ബിയന്‍ ലീഗ് ജയിച്ചതിലുളള ആഘോഷം 10000 ആരാധകര്‍ക്കൊപ്പം ബെല്‍ഗ്രേഡ് ക്ലബ് നടത്തുകയും ചെയ്തിരുന്നു.
സെര്‍ബിയന്‍ സര്‍ക്കാര്‍ ഈ മാസം തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പൊതുസ്ഥലത്ത് ആളുകള്‍ കൂടുന്നതിലുളള നിയന്ത്രണവും സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ശ്രമിച്ച ക്ലബാണ് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ്. എന്നാല്‍ ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പിറകില്‍ റെഡ്സ്റ്റാറിന്റെ കരങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.