അൻസു ഫാറ്റിക്കായി റെക്കോർഡ് തുകയുടെ ഓഫർ, തത്സമയം നിരസിച്ച് ബാഴ്സലോണ

Image 3
FeaturedFootballLa Liga

ബാഴ്സയുടെ വിസ്മയകൗമാരതാരം അൻസു ഫാറ്റിക്കു വേണ്ടിയുള്ള 150 മില്യൺ യൂറോയുടെ ഓഫർ ബാഴ്സലോണ നിരസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. താരത്തിന്റെ പുതിയ ഏജൻറായ ജോർഹെ മെൻഡസ് ഓഫറിനെക്കുറിച്ച് ബാഴ്സയെ അറിയിച്ചെങ്കിലും പതിനേഴുകാരനായ താരത്തെ വിൽക്കാനുള്ളതല്ലെന്നു ബാഴ്‌സ ഉറപ്പിച്ചു പറയുകയായിരുന്നു. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടത്.

125 മില്യൺ യൂറോ ട്രാൻസ്ഫർ തുകയും 25 മില്യൺ താരത്തിന്റെ പ്രകടനം കണക്കാക്കിയുള്ള അധികവേതനവുമടങ്ങുന്ന 150 മില്യൺ യൂറോയുടെ ഓഫറാണ് അൻസുവിനായി വന്നത്. എന്നാൽ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ചർച്ചകൾക്കു പോലുമില്ലെന്ന് ബാഴ്സ വ്യക്തമാക്കിയിരിക്കുകയാണ്.

https://twitter.com/flyingeze/status/1309791456161222656?s=19

ബാഴ്സക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം അടുത്തിടെ സ്പെയിനിനു വേണ്ടി അരങ്ങേറിയിരുന്നു. സ്പെയിനിനു വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ തരമാവാനും അംസുഫാറ്റിക്ക് സാധിച്ചിരുന്നു. ബാഴ്സയിലും സ്ഥിതി വ്യത്യസ്തമല്ല. ബാഴ്സക്കായി അരങ്ങേരുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ചാംപ്യൻസ്‌ലീഗിലും ലാലിഗയിലും ബാഴ്‌സക്കായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവും അൻസു ഫാറ്റി തന്നെ.

ഓഫർ നൽകിയ ക്ലബിന്റെ വിവരം പുറത്തു വന്നിട്ടില്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് അൻസു ഫാറ്റിയിൽ താൽപര്യമുണ്ടെന്ന ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്തുവിട്ട അഭ്യൂഹങ്ങൾ ഇതിനോട് ബന്ധപ്പെടുത്തി പറയുന്നുണ്ട്. ആഴ്ചകൾക്കു മുൻപ് ബാഴ്സലോണ ഫസ്റ്റ് ടീം താരമായ ഫാറ്റിയുടെ റിലീസ് ക്ലോസ് 400 മില്യൺ യൂറോയായി ബാഴ്സ ഉയർത്തിയിരുന്നു.