കൊച്ചിയിൽ സ്റ്റേഡിയം നിറയില്ല, സൂപ്പർകപ്പ് വേദിയിൽ നിന്നും കൊച്ചിയെ ഒഴിവാക്കിയതിനു പിന്നിലെ കാരണമിതാണ്

Image 3
ISL

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായ സൂപ്പർകപ്പ് വീണ്ടും നടക്കുമ്പോൾ അതിനായി ആരവമുയർത്താൻ കേരളത്തിലെ ആരാധകർക്കാണ് അവസരം വന്നിരിക്കുന്നത്. കേരളത്തിൽ കൊച്ചിയിലും മഞ്ചേരിയിലും വെച്ചാണ് ഇത്തവണത്തെ സൂപ്പർകപ്പ് നടക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഏപ്രിൽ മൂന്നു മുതൽ ഇരുപത്തിയഞ്ചു വരെയാണ് സൂപ്പർകപ്പ് നടക്കാൻ പോകുന്നത്.

നേരത്തെ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ സൂപ്പർകപ്പ് മത്സരങ്ങൾ നടക്കുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ആദ്യം തിരുവനന്തപുരത്തെ ഒഴിവാക്കിയതിനു ശേഷം അവസാന നിമിഷത്തിലാണ് കൊച്ചി ഒഴിവാക്കപ്പെട്ടത്. ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് മത്സരം മുഴുവനാക്കാതെ പോയത് കൊണ്ടാണ് കൊച്ചിയെ ഒഴിവാക്കിയതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

സ്പോർട്ട്സ് സ്റ്റാർ വെളിപ്പെടുത്തുന്നത് പ്രകാരം കൊച്ചിയിൽ മത്സരങ്ങൾ വെച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികൾക്കു മാത്രമേ ആരാധകർ ഉണ്ടാകൂവെന്നാണ് വേദിയിൽ നിന്നും ഒഴിവാക്കപ്പെടാൻ കാരണം. എന്നാൽ ഫുട്ബോളിന് വളരെയധികം വേരോട്ടമുള്ള മലബാറിന്റെ മണ്ണിൽ വെച്ച് സൂപ്പർകപ്പ് മത്സരങ്ങൾ നടത്തിയാൽ എല്ലാ മത്സരങ്ങൾക്കും ആരാധകർ എത്തുമെന്നും കേരളത്തിലെ ടീമുകളുടെ മത്സരങ്ങൾക്ക് ഗ്യാലറി നിറയുമെന്നും സംഘാടകർ കണക്കു കൂട്ടുന്നു.

എന്തായാലും മലബാറിൽ വെച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയൊരു ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത് ഫുട്ബോൾ പ്രേമികൾക്ക് ആവേശമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ടീമുകൾ എല്ലാമുണ്ടെന്നിരിക്കെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും ഇതിന്റെ ഭാഗമായി നടക്കും. കേരളത്തിൽ നിന്നുള്ള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും മത്സരത്തിനുണ്ടെന്നത് ആരാധകർക്ക് കൂടുതൽ ആവേശം നൽകും.