കാറ്റിച്ചിന്റെ രാജിയ്ക്ക് കാരണം കാവ്യ മാരന്‍, സണ്‍റൈസസ് നിന്ന് കത്തുന്നു

Image 3
CricketTeam India

ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹപരിശീലക സ്ഥാനം മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച് ഉപേക്ഷിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ തന്റെ ടീം കൈക്കൊണ്ട തീരുമാനങ്ങളിലുള്ള അതൃപ്തിയാണ് കാറ്റിച്ചിനെ പ്രകോപനപരമായ തീരുമാനമെടുപ്പിച്ചത്.

ഇപ്പേഴിതാ കാറ്റിച്ചിന്റെ രാജിയ്ക്ക് കാരണമായ ചില കാരണങ്ങളെ കുറിച്ചുളള വിവരങ്ങളാണ് പുറത്ത് വരുന്നത്. താരലേലത്തില്‍ പങ്കെടുത്ത താനുള്‍പ്പെടെയുളള ഹൈദരാബാദ് മാനേജ്‌മെന്റ് അംഗങ്ങളെ കാഴ്ചക്കാരാക്കി ടീം സി ഇ ഓ ആയ കാവ്യ മാരനെടുത്ത തീരുമാനങ്ങളിലുള്ള അതൃപ്തിയാണ് കാറ്റിച്ച് പരിശീലക സ്ഥാനമൊഴിയാനുള്ള കാരണമത്രെ.

ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, ടോം മൂഡി, മുത്തയ്യ മുരളീധരന്‍, ഹേമംഗ് ബദാനി എന്നിവരായിരുന്നു ലേലത്തില്‍ ഹൈദരാബാദിനെ പ്രതിനിധീകരിച്ച പ്രമുഖര്‍. എന്നാല്‍ ഹൈദരാബാദ് ടീമിന്റെ സി ഇ ഓയുമായ കാവ്യ മാരനായിരുന്നു ഇവരെയെല്ലാം കാഴ്ച്ചക്കാരാക്കി ഫ്രാഞ്ചൈസിയുടെ ലേല പ്രക്രിയയെ നിയന്ത്രിച്ചത്. ടീമിനായി ലേലം വിളിച്ചതും കാവ്യ തന്നെയായിരുന്നു.

ഐപിഎല്ലില്‍ കാര്യമായ റെക്കോര്‍ഡില്ലാത്ത വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പുറാന് വേണ്ടി 10.75 കോടി രൂപയും, ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിക്കാത്ത റൊമാരിയോ ഷെഫേഡിനായി 7.75 കോടി രൂപയും ഹൈദരാബാദ് മുടക്കിയതില്‍ കാറ്റിച്ചിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

ലേലത്തിന് മുന്‍പ് തീരുമാനിച്ച കാര്യങ്ങളില്‍ നിന്ന് കാവ്യമാരനിലൂടെ ഹൈദരാബാദ് പിറകോട്ട് പോയതും താനടക്കമുള്ളവരോട് കാര്യമായ കൂടിയാലോചനകള്‍ പോലും നടത്താതെ കാവ്യ മാരന്‍ ലേലത്തില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതിലും കാറ്റിച്ചിനെ അസ്വസ്ഥനാക്കി. ഇതോടെയാണ് താരം രാജിവെക്കാന്‍ തീരുമാനിച്ചത്.