അത്ലറ്റിക്കോക്കെതിരെ റയൽ മാഡ്രിഡിനു തകർപ്പൻ ജയം, മാഞ്ചസ്റ്റർ ഡെർബി സമനിലയിൽ

അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന നഗരവൈരികളുടെ മാഡ്രിഡ്‌ ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്‌ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. റയൽ മാഡ്രിഡിനായി കാർലോസ് കാസമിരോയും ഡാനി കാർവഹാളുമാണ് നിർണായക ഗോളുകൾ സ്വന്തമാക്കിയത്. ഇതോടെ ലാലിഗയിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള  അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ റയൽ മാഡ്രിഡിനു സാധിച്ചു.

നിലവിൽ റയൽ സോസീഡാഡിന് രണ്ടു പോയിന്റിന് താഴെ മൂന്നാം സ്ഥാനത്താണെങ്കിലും അപരാജിതരായി മുന്നേറിക്കൊണ്ടിരുന്ന  അത്ലറ്റിക്കോ മാഡ്രിഡിനു തടയിടാൻ റയൽ മാഡ്രിഡിനു മാത്രമേ ഇന്നലത്തെ വിജയത്തോടെ സാധിച്ചുള്ളൂ. ബൊറൂസിയയെ തോൽപ്പിച്ച  ആത്മവിശ്വാസത്തോടെ മത്സരത്തെ സമീപിച്ച റയൽ മാഡ്രിഡ്‌ മികച്ച തുടക്കമാണ് അത്ലറ്റിക്കോക്കെതിരെ പുറത്തെടുത്തത്. അത്ലറ്റിക്കോക്കെതിരെ മികച്ച അക്രമണങ്ങളുമായി മുന്നേറിയ  റയൽ മാഡ്രിഡിന്റെ ബെൻസിമയുടെ ആദ്യ ശ്രമം ഗോൾ പോസ്റ്റിൽ തട്ടിയകന്നു പോയി.അധികം വൈകാതെ തന്നെ പതിനഞ്ചാം മിനുട്ടിൽ തന്നെ ലീഡ്  നേടാൻ റയലിനു സാധിച്ചു. പതിനാലാം മിനുട്ടിൽ ലഭിച്ച  കോർണർ കിക്കിൽ ടോണി ക്രൂസിന്റെ മികച്ച ഒരു ക്രോസ് അത്ലറ്റിക്കോ ഡിഫൻഡർ ട്രിപ്പിയറിനെ മറികടന്ന്  തകർപ്പൻ ഹെഡറിലൂടെ കാസെമിരോയാണ് ഗോൾ കണ്ടെത്തിയത്.

ലീഗിലെ പതിനൊന്നു മത്സരങ്ങളിൽ ആദ്യമായാണ്  അത്ലറ്റിക്കോ ഒരു  മത്സരത്തിൽ ആദ്യം പിറകിലായി പോവുന്നത്.ആദ്യ പകുതിയിലെ ലീഡ് നിലനിർത്തിയ റയൽ മാഡ്രിഡ്‌ 63ആം മിനുട്ടിൽ തന്നെ ലീഡ് രണ്ടാക്കി ഉയർത്തി. ടോണി ക്രൂസിന്റെ തന്നെ ഫ്രീകിക്ക് അത്ലറ്റിക്കോ പ്രതിരോധ നിര ഹെഡ് ചെയ്ത് അകറ്റിയപ്പോൾ  ആ ബോൾ നെഞ്ചിൽ ട്രാപ് ചെയ്ത് കാർവഹാൾ എടുത്ത ഷോട്ട്  പോസ്റ്റിൽ തട്ടി വ്യതിചലിച്ചു  ഇടതു വശത്തേക്ക് ചാടിയ ഒബ്ലാക്കിന്റെ പുറത്തു തട്ടി വലയിൽ കയറുകയായിരുന്നു. ഒരേ തീവ്രതയോടെ കളിച്ച റയൽ മാഡ്രിഡ്‌ അധികം വൈകാതെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഇന്നലെ തന്നെ നടന്ന പ്രീമിയർ ലീഗിലെ കേളികേട്ട മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ യുണൈറ്റഡ് എട്ടാം സ്ഥാനത്തേക്കും സിറ്റി ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരിക്കുകയാണ്.

You Might Also Like