പിഎസ്‌ജിയുടെ ഗോളടിയന്ത്രത്തെ റാഞ്ചാനൊരുങ്ങി റയൽ മാഡ്രിഡ്‌, വരുന്നത് ഫ്രീ ട്രാൻസ്ഫറിൽ

മുന്നേറ്റനിര ഗോൾ നേടാനാവാതെ വിഷമിക്കുമ്പോൾ അതിനു പരിഹാരമായി റയൽ മാഡ്രിഡ് യുറുഗ്വയ് താരം എഡിസൻ കവാനിയെ ടീമിലെത്തിക്കാനൊരുങ്ങുകയാണ്. സീസൺ അവസാനിച്ചതോടെ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് റയൽ മാഡ്രിഡ്‌ സ്വന്തം തട്ടകത്തിലെത്തിക്കാനൊരുങ്ങുന്നത്. ഇതോടെ സെർബിയൻ മുന്നേറ്റതാരം ജൊവിച്ച് റയൽ വിടാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

റയൽ സോസിഡാഡിനെതിരെയുള്ള ആദ്യ ലാലിഗ മത്സരത്തിൽ മുന്നേറ്റ നിരയിൽ ഒരു മികച്ച സ്ട്രൈക്കറില്ലാത്തതിന്റെ അഭാവം പ്രകടമായിരുന്നു. ലാലിഗയിലെ ആദ്യമത്സരം തന്നെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയാണുണ്ടായത്. നിലവിലെ സ്‌ട്രൈക്കർ ഓപ്ഷനായ ലൂക്കാ ജോവിച്ചിൽ സിദാനു താൽപര്യം കുറഞ്ഞതുമൂലം പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള തീരുമാനത്തിലെത്തുയായിരുന്നു.

സീസൺ തുടങ്ങും മുമ്പേ തന്നെ റയലും കവാനിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു എങ്കിലും ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഈ ട്രാൻസ്ഫർ യാഥാർഥ്യമാവുമെന്നു തന്നെയാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്തിരിക്കുന്നത്. പിഎസ്ജിയിൽ എത്തുന്നതിനു മുൻപും റയലിനു കവാനിയിൽ താൽപര്യമുണ്ടായിരുന്നു.

പിഎസ്‌ജി താരത്തെ ഒഴിവാക്കിയതോടെ ബെനഫിക്കയിലേക്ക് കവാനി കൂടുമാറാനൊരുങ്ങിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ നീക്കുപോക്കുണ്ടാവാത്തതിനെ തുടർന്ന് ഒഴിവാവുകയായിരുന്നു. റയലിനോട് വർഷത്തിൽ ഏഴു മില്യൺ യൂറോയുടെ കരാറാണ് താരത്തിന്റെ ആവശ്യം. കളിമെനയാൻ കഴിയുന്ന ബെൻസിമക്കൊപ്പം ഗോളടിയന്ത്രമായ കവാനിയും അക്രമണത്തിലെത്തുന്നതോടെ ഗോൾ ക്ഷാമത്തിനു പരിഹാരമാവുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.

You Might Also Like