ഒരു സീസണിൽ രണ്ടു ലീഗ് കിരീടങ്ങൾ, റയൽ താരത്തിന് അപൂർവ്വനേട്ടം

ഒരു സീസണിൽ ഒരു ലീഗിൽ കിരീടവിജയം നേടുകയെന്നതു തന്നെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അപ്പോൾ രണ്ടു ലീഗ് വിജയം നേടിയാലോ. റയൽ മാഡ്രിഡ് താരമായ അൽവാരോ ഒഡ്രിയാസോളക്ക് അത്തരമൊരു ഭാഗ്യമാണ് ഇത്തവണ കൈവന്നിരിക്കുന്നത്. ജർമൻ ലീഗ് വിജയിച്ച താരത്തിന് റയൽ ലാലിഗ വിജയിച്ചതിന്റെ മെഡൽ ലഭിക്കാനും അർഹതയുണ്ട്.
സീസണിന്റെ തുടക്കത്തിൽ റയൽ മാഡ്രിഡിലായിരുന്നു താരം കളിച്ചിരുന്നത്. നാലു ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ചെയ്തു. എന്നാൽ സിദാന്റെ ടീമിൽ കർവാഹാൾ സ്ഥിരമായതോടെ ടീം വിടാൻ താൽപര്യം പ്രകടിപ്പിച്ച താരം ജനുവരിയിൽ ജർമൻ ക്ലബിലേക്കു ചേക്കേറുകയായിരുന്നു. എന്നാൽ അവിടെയും തിളങ്ങാൻ സ്പാനിഷ് താരത്തിനു കഴിഞ്ഞില്ല.
https://twitter.com/1_spoton/status/1284413299816378368?s=19
ജർമൻ ലീഗിൽ വെറും മൂന്നു മത്സരങ്ങളിൽ മാത്രമാണ് ഒഡ്രിയാസോള കളത്തിലിറങ്ങിയത്. എങ്കിലും ബയേണിന്റെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ താരത്തിനായി. അതു പോലെ തന്നെ സീസണിന്റെ ആദ്യ പകുതിയിൽ റയലിനു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ചതിനാൽ ലോസ് ബ്ലാങ്കോസിന്റെ മുപ്പത്തിനാലാം കിരീടനേട്ടത്തിലും താരത്തിന്റെ സാന്നിധ്യമുണ്ട്.
റയൽ ലീഗ് വിജയിച്ചതിനു പിന്നാലെ താരം ആശംസകൾ നേർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിൽ ആരാധകരാണ് താരത്തിന്റെ നേട്ടത്തെക്കുറിച്ച് ഓർമിപ്പിച്ചത്. വളരെ കഴിവുള്ള റൈറ്റ് ബാക്കായ ഒഡ്രിയാസോള അടുത്ത സീസണിൽ റയലിലേക്കു തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.