കോവിഡ് വീണ്ടുമെത്തുന്നു, റയൽ മാഡ്രിഡിന്റെ പ്രീസീസൺ സൗഹൃദമത്സരം ഉപേക്ഷിച്ചു

Image 3
FeaturedFootballLa Liga

കോവിഡ് ഭീഷണി മൂലം നടത്താനുദ്ദേശിച്ചിരുന്ന റയൽ മാഡ്രിഡിന്റെ പ്രീസീസൺ സൗഹൃദമത്സരം ഉപേക്ഷിച്ചു. ഈ ബുധനാഴ്ച്ചയായിരുന്നു മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. റയൽ മാഡ്രിഡിന്റെ പരിശീലനമൈതാനമായ വൽഡേബെബാസിൽ വെച്ചുള്ള റയോ വയ്യെക്കാനോക്കെതിരെയായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്. ഈ മത്സരമാണ് ഇപ്പോൾ കോവിഡ് ഭീഷണി മൂലം ഉപേക്ഷിച്ചത്.

റയോ വല്ലക്കാനോയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചത്. അവരുടെ ഒരു താരത്തിന്റെ രണ്ടാമത്തെ പിസിആർ പരിശോധനഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ടീം അധികൃതർ. താരത്തിന്റെ ഫലം പോസിറ്റീവ് ആവാൻ സാധ്യത കണക്കിലെടുത്താണ് റയോ വല്ലക്കാനോ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഇതോടെ റയൽ മാഡ്രിഡ്‌ സാധാരണഗതിയിലുള്ള പരിശീലനം തുടരാനാണ് തീരുമാനം. മത്സരം ഉപേക്ഷിച്ചതോടെ റയൽ മാഡ്രിഡ്‌ നേരിട്ട് ലാലിഗ മത്സരങ്ങളിലേക്ക് കടക്കുകയായിരിക്കും ചെയ്യുക. സെപ്റ്റംബർ ഇരുപത്തിയൊന്നിന് റയൽ സോസിഡാഡാണ് റയലിന്റെ ആദ്യ എതിരാളികൾ.

ഈ വരുന്ന പതിമൂന്നാം തിയ്യതി ഗെറ്റാഫെയുമായിട്ടാണ് റയലിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും റയൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരം കളിക്കേണ്ടിയിരുന്നതിനാൽ നീട്ടി വെക്കുകയായിരുന്നു. ഇന്ത്യൻ സമയം രാത്രി 12:30 നാണ് റയൽ മാഡ്രിഡ്‌ സോസിഡാഡിനെ അവരുടെ മൈതാനത്ത് നേരിടുന്നത്. അതേ സമയം ഈ സീസൺ റയോ വയ്യെക്കാനോ ലാലിഗ രണ്ടാം ഡിവിഷനിലാണ് കളിക്കുക. ഈ വരുന്ന ശനിയാഴ്ച്ച മയ്യോർക്കയെയാണ് റയോ വയ്യെക്കാനോ നേരിടുന്നത്.