റയലിന്റെ കളികണ്ട് നിയന്ത്രണം വിട്ടു, താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് സിദാന്‍

കോവിഡ് ഇടവേളക്ക് ശേഷം ലാലിഗയില്‍ കളിക്കാനിറങ്ങിയ റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ എയ്ബറിനെതിരെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തിനിടെ ചില നാടകീയ കാഴ്ച്ചകള്‍ക്കും ്‌സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു.

മത്സരത്തിലെ രണ്ടാം പകുതിയിലെ റയലിന്റെ പ്രകടനത്തില്‍ മറ്റു പലരേയും പോലെ പരിശീലകന്‍ സിനെദിന്‍ സിദാനും ഒട്ടും സന്തോഷവാനല്ലായിരുന്നു. മത്സരശേഷം റയല്‍ മാഡ്രിഡ് താരങ്ങളെ നിര്‍ത്തിപൊരിക്കുകയായിരുന്നു സിദാനെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

മത്സരശേഷം കളിക്കാരെ പരിശീലകര്‍ ശകാരിക്കുന്നത് പൊതുവേ സാധാരണമല്ല. എന്നാല്‍, റയല്‍ മാഡ്രിഡിന്റെ എസ്റ്റേഡിയോ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിന്റെ ഡ്രസിംഗ് റൂം അത്തരമൊരു കാഴ്ച്ചക്ക് സാക്ഷിയായെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ടാം പകുതിയില്‍ ടീമിന്റെ ഒത്തിണക്കമില്ലാതെയും അലസമായ കളിയുമാണ് സിദാനെ ചൊടിപ്പിച്ചത്.

ഇതേക്കുറിച്ച് മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ‘ഒന്നാംപകുതിയില്‍ മികച്ച കളിയായിരുന്നു. മൂന്ന് ഗോളിന് മുന്നിലെത്തുകയും ചെയ്തു. ചിലപ്പോള്‍ ഞങ്ങള്‍ അല്‍പം അയഞ്ഞതാകാം’ എന്ന ഒഴുക്കന്‍ മറുപടിയാണ് സിദാന്‍ നല്‍കിയത്. പിന്നീട് ഡ്രസിംഗ് റൂമിലെത്തിയ സിദാന്‍ ടീമിന്റെ പ്രകടനത്തിലെ നിരാശ ഒട്ടും മറച്ചുവെച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടവേളക്ക് ശേഷമുള്ള മത്സരമല്ലേ എന്ന പരിഗണന നല്‍കി ഇത് വിട്ടുകളയാതിരുന്നതിന് മറ്റൊരു കാരണവുമുണ്ട്. പല മത്സരങ്ങളിലും രണ്ടാം പകുതിയില്‍ അയഞ്ഞ കളി പുറത്തെടുക്കുന്ന വിമര്‍ശനം റയല്‍ മാഡ്രിഡിന് നേരത്തെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

You Might Also Like