രാജകീയം!! അത്യുജ്ജ്വലം!! ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സയുടെ തട്ടകത്തിൽ റയൽ മാഡ്രിഡിനു വിജയം

Image 3
FeaturedFootballLa Liga

ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ വെച്ചു നടന്ന ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ വിജയം നേടിയിരിക്കുകയാണ്. തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം എൽ ക്ലാസിക്കോയിലെ വിജയം റയൽ മാഡ്രിഡിനു വലിയ ഊർജമാണ് പകർന്നിരിക്കുന്നത്.

റയൽ മാഡ്രിഡിനായി ഫെഡെ വാൽവെർദെയും സെർജിയോ റാമോസും ഗോൾനേടിയപ്പോൾ ബാഴ്സയുടെ ഏക ഗോൾ പതിനേഴുകാരൻ അൻസു ഫാറ്റിയുടേതായിരുന്നു. ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. റയലിന്റെ പ്രത്യാക്രമണത്തിലൂടെ അഞ്ചാം മിനുട്ടിൽ തന്നെ ബാഴ്സയുടെ വല കുലുക്കാൻ റയലിനു സാധിച്ചു. മികച്ച പാസ്സിങ്ങിലൂടെ ബാഴ്സയുടെ ബോക്സിലേക്ക് മുന്നേറിയ കരിം ബെൻസിമ നീട്ടി നൽകിയ പന്ത് ഫെഡേ വാൽവെർഡ് മികച്ചൊരു ഷോട്ടിലൂടെ ഗോളിലെത്തിക്കുകയായിരുന്നു.

അധികം വൈകാതെ തന്നെ അൻസു ഫാറ്റിയിലൂടെ ബാഴ്സക്ക് സമനില ഗോൾ നേടാനായി. എട്ടാം മിനുട്ടിൽ ആൽബ നൽകിയ ക്രോസിൽ അൻസു ഫാറ്റി മികച്ചൊരു ഫിനിഷിങ്ങിലൂടെ സമനില ഗോൾ സ്വന്തമാക്കുകയായിരുന്നു. പിന്നീട് മുന്നേറ്റത്തിലൂടെ റാമോസിനെ വെട്ടിയൊഴിഞ്ഞ് മെസ്സിയെടുത്ത ഷോട്ട് തടുത്തിട്ട് കോർട്‌വ രക്ഷകനാവുകയായിരുന്നു.

ആദ്യപകുതിയിൽ സമനിലയിൽ പിരിഞ്ഞു വെങ്കിലും പെനാൽറ്റി ബോക്സിൽ ലെങ്ലറ്റ് റാമോസിനെ ജേഴ്സിയിൽ പിടിച്ചുവലിച്ചിട്ടതിന് കിട്ടിയ അറുപത്തിമൂന്നാം മിനുട്ടിലെ വിവാദപരമായ പെനാൽറ്റിയിൽ റയൽ മാഡ്രിഡ്‌ ലീഡ് നേടുകയായിരുന്നു. റാമോസ് തന്നെയായിരുന്നു ലക്ഷ്യം കണ്ടത്. പിന്നീട് ഉണർന്നു കളിച്ച റയൽ മാഡ്രിഡ്‌ ബാഴ്സയുടെ അക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്തു. പകരക്കാരായി ഗ്രീസ്മാനും ഡെമ്പെലെയും ബ്രയ്ത്വെയ്റ്റ് എന്നിവരെയിറക്കി ആക്രമണത്തിന് മൂർച്ച കൂട്ടാൻ ശ്രമിച്ചുവെങ്കിലും 99-ാം മിനുട്ടിൽ നടത്തിയ പ്രത്യാക്രമണത്തിലൂടെ ലൂക്ക മോഡ്രിച് ലീഡ് ഉയർത്തിയതോടെ റയൽ മാഡ്രിഡ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.