മാഡ്രിഡിൽ ബെൻസിമ അവതരിച്ചു, നിർണായകമത്സരത്തിൽ തകർപ്പൻ വിജയവുമായി റയൽ മാഡ്രിഡ്‌

Image 3
Champions LeagueFeaturedFootball

ബൊറൂസിയ മൊഞ്ചഗ്ലാഡ്ബാക്കുമായി നടന്ന നിർണായക ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ വിജയം നേടിയിരിക്കുകയാണ്. ഈ മത്സരം തോൽവി രുചിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ  യൂറോപ്പ ലീഗ്  വരെ കളിക്കാൻ സാധ്യത കല്പിച്ചിരുന്ന മത്സരത്തിൽ  സൂപ്പർതാരം കരിം ബെൻസിമയുടെ ഇരട്ട ഹെഡർ  ഗോളുകളാണ്  റയൽ മാഡ്രിഡിനു മിന്നും വിജയം സമ്മാനിച്ചത്.

മികച്ച പന്തടക്കത്തോടെയും പാസ്സിങ്ങിലെ  കൃത്യതയോടെയും മത്സരം തുടങ്ങി വെച്ച റയൽ മാഡ്രിഡ്‌ മികച്ച മുന്നേറ്റങ്ങളാണ് തുടക്കത്തിൽ തന്നെ കാഴ്ച വെച്ചത്. ഇരു   വിങ്ങിലൂടെയുള്ള മുന്നേറ്റത്തിൽ മികച്ചു നിന്ന റയൽ മാഡ്രിഡ്‌  മത്സരം തുടങ്ങി ഒമ്പതാം മിനുട്ടിൽ തന്നെ ഗോൾ കണ്ടെത്തി. വലതു വിങ്ങിലൂടെ മുന്നേറിയ റൈറ്റ്ബാക്ക് ലൂക്കാസ് വാസ്കസിന്റെ എണ്ണം പറഞ്ഞ ക്രോസിൽ ബെൻസിമയുടെ മികച്ചൊരു ഹെഡർ ഗ്ലാഡ്ബാക്ക് ഗോൾകീപ്പറെ മറികടന്നു വലചലിപ്പിക്കുകയായിരുന്നു.

റയൽ മാഡ്രിഡിന്റെ മികച്ച മുന്നേറ്റങ്ങൾ ഗ്ലാഡ്ബാക്ക് ഗോൾ മുഖത്തെ വിറപ്പിച്ചപ്പോൾ പലതും നിർഭാഗ്യം കൊണ്ട് ഗോൾവല പുൽകാതെ പോവുകയായിരുന്നു. മികച്ച പന്തടക്കത്തോടെ കളിച്ച റയൽ മാഡ്രിഡ്‌ ആദ്യപകുതിക്കു  മുൻപു തന്നെ ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണയും കരിം ബെൻസമ ഹെഡർ ഗോളാണ് റയലിനു ലീഡ് നൽകിയത്. ഇത്തവണ ബെൻസിമക്ക് ഗ്ലാഡ്ബാക്ക് പ്രതിരോധതാരങ്ങളെ മികച്ച ക്രോസ് നൽകിയത് യുവതാരം റോഡ്രിഗോയായിരുന്നു.

രണ്ടാം പകുതിയിലും മികച്ച രീതിയിൽ പന്ത് കൈവശം വെച്ചു കളിച്ച റയൽ മാഡ്രിഡ്‌ ഗ്ലാഡ്ബാക്കിന് ഒരു വിധത്തിലും പ്രത്യാക്രമണങ്ങൾക്ക് അവസരങ്ങൾ നൽകിയില്ല.ഹാട്രിക്കിന് വേണ്ടിയുള്ള കരിം ബെൻസിമ വീണ്ടും ഹെഡർ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഒരു മികച്ച മുന്നേറ്റം ക്രോസ് ബാറിൽ തട്ടിയകലുകയും ചെയ്തു. മധ്യനിരയിൽ ക്രൂസിന്റെയും മോഡ്രിച്ചിന്റെയും മികച്ച പ്രകടനം റയലിനു മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ റയൽ മാഡ്രിഡിനു സാധിച്ചു. മത്സരം തോറ്റെങ്കിലും ഇന്റർമിലാൻ ഷാക്തർ മത്സരം സമനിലയിലായതിനാൽ മൊഞ്ചൻഗ്ലാഡ്ബാക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി