മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുനയൊടിക്കാൻ റയൽ, നൂറു മില്യണ് അത്ഭുതതാരത്തെ റാഞ്ചാനൊരുങ്ങുന്നു

Image 3
EPLFeaturedFootball

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെക്കുന്ന പതിനെട്ടുകാരനായ താരമായ മാസൺ ഗ്രീൻവുഡിനെ റാഞ്ചാൻ റയൽ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. ഈ സീസണിൽ താരം നടത്തുന്ന പ്രകടനത്തിൽ റയൽ പ്രസിഡൻറ് ഫ്ളോറൻറീനോ പെരസ് വളരെയധികം ആകൃഷ്ടനാണെന്നാണ് സ്പാനിഷ് മാധ്യമമായ ഡോൺ ബാലൺ റിപ്പോർട്ടു ചെയ്യുന്നത്.

വെറും പതിനെട്ടു വയസു മാത്രമേയുള്ളു എങ്കിലും ഇതുവരെ സീനിയർ ടീമിനു വേണ്ടി നാൽപത്തിയഞ്ചു മത്സരങ്ങളിൽ താരം കളത്തിലിറങ്ങി. ഈ സീസണിൽ പതിനഞ്ചു ഗോളുകൾ നേടിയ താരം അഞ്ചെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു. U18 ടീമിനു വേണ്ടി 34 മത്സരങ്ങളിൽ 34 ഗോളുകൾ നേടിയ താരം ഇംഗ്ലണ്ട് U21 ടീമിനു വേണ്ടി നാലു മത്സരങ്ങളിൽ നിന്നും ഒരു ഗോളും നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുത്തൻ താരോദയത്തിനു വേണ്ടി നൂറു മില്യൺ യൂറോ റയൽ മാഡ്രിഡ് നൽകാൻ ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ. 2023 വരെ യുണൈറ്റഡുമായി കരാറുള്ള താരത്തെ അതിൽ കുറഞ്ഞൊരു തുകക്ക് യുണൈറ്റഡ് വിട്ടു കൊടുക്കാൻ തയ്യാറാവുകയുമില്ല. അത്രയും മികവാണു താരം സീനിയർ ടീമിനൊപ്പം കാഴ്ച വെക്കുന്നത്.

ഇപിഎല്ലിൽ ഒരു താരോദയമുണ്ടായാൽ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയെന്ന തന്റെ പതിവു രീതിയാണു പെരസ് വീണ്ടും കാണിക്കാനൊരുങ്ങുന്നത്. ട്രാൻസ്ഫർ പൂർത്തിയായാൽ ബെക്കാം, റൊണാൾഡോ, ബേൽ എന്നിവരുടെ നിരയിലേക്കാവും ഗ്രീൻവുഡും എത്തുക.