റയല്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു, ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും

ചാമ്പ്യൻസ് ലീഗിനു മുന്നോടിയായി നടത്തിയ കോവിഡ് 19 ടെസ്റ്റ്‌ ഫലം വന്നപ്പോൾ റയൽ മാഡ്രിഡ് മുന്നേറ്റതാരമായ മരിയാനോ ഡയസിനു കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. താരം പൂർണമായും ആരോഗ്യവാനാണെന്നും കൂടുതൽ ചികിത്സക്കായി ഐസൊലേഷനിൽ വിടുകയാണെന്നും റയൽ മാഡ്രിഡ്‌ മെഡിക്കൽ ടീം അറിയിച്ചു.

ഇതോടെ ഡൊമിനിക്കൻ-സ്പാനിഷ് സ്‌ട്രൈക്കറായ ഡയസിനു ഓഗസ്റ്റ് ആദ്യവാരത്തിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ കളിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവരുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുക.

ആദ്യ പാദത്തിൽ ബെർണബ്യുവിൽ വെച്ച് റയൽ മാഡ്രിഡ്‌ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയിരുന്നു. മുപ്പത്തിനാലാം ലാലിഗ കിരീട വിജയത്തോടെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന റയൽ മാഡ്രിഡ്‌ സിനദിൻ സിദാന്റെ കീഴിൽ മികച്ച ആത്മവിശ്വാസത്തോടെയാണ് സിറ്റിയെ നേരിടാനൊരുങ്ങുന്നത്.

കൊറോണ മഹാമാരിമൂലം വിദേശത്തുനിന്നും വരുന്നവർക്ക് ബ്രിട്ടനിലും ക്വാറന്റൈൻ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി വരുന്ന റയൽ മാഡ്രിഡിനു 14 ദിവസത്തെ ക്വാറന്റൈൻ ബാധകമായിരിക്കില്ല. ഇരുപത്തിയാറുകാരൻ ഇതു വരെ മറ്റു താരങ്ങളുമായി ബന്ധമില്ലാത്തതിനാലും ഡയസിനു മാത്രമാണ് പ്രാരംഭ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതെന്നതിനാലും മറ്റുതാരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

You Might Also Like