നവംബറിലെ ബ്രസീലിന്റെ ലോകകപ്പ്‌ യോഗ്യതമത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു, റയൽ സൂപ്പർതാരം പുറത്ത്

നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകനായ ടിറ്റെ. വെനസ്വേലക്കും സൗത്ത് അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായ്ക്കുമെതിരെയാണ് കാനറികൾ കൊമ്പുകോർക്കാനിറങ്ങുക. പെറുവിനെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ബ്രസീലിന്റെ സ്ഥാനം.

റയൽ മാഡ്രിഡിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ ഇത്തവണ ടിറ്റെയുടെ ടീമിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്. ഒക്ടോബർ നടന്ന മത്സരങ്ങളിൽ താരത്തിനു അവസരം ലഭിച്ചിരുന്നില്ല. എന്നാൽ റയലിനു വേണ്ടി ഗോൾ നേടി മികച്ച പ്രകടനം പുറത്തെടുത്തതോടെ വീണ്ടും അവസരം തേടിയെത്തുകയായിരുന്നു.

എന്നാൽ റയൽ മാഡ്രിഡിലെ തന്നെ മറ്റൊരു യുവതാരമായ റോഡ്രിഗോ ഗോസ് ഇത്തവണ അവസരം കിട്ടാതെ പുറത്തായിരിക്കുകയാണു. ഒക്ടോബറിലെ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ റോഡ്രിഗോക്ക് സ്ഥാനം കിട്ടിയിരുന്നു. റയൽ മാഡ്രിഡിൽ നിന്നും കാസമിരോയും എഡർ മിലിറ്റവോക്കും സ്‌ക്വാഡിൽ ഇടം കണ്ടെത്താനായിട്ടുണ്ട്.

ബാഴ്‌സലോണയിൽ നിന്നും കൗട്ടിഞ്ഞോയും അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും റെനാൻ ലോദിയും ടീമിലിടം കണ്ടെത്തിയിട്ടുണ്ട്. വിനിഷ്യസ് ജൂനിയർ അവസാനമായി 2019ലാണ് ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടിയത്. വെറും പതിനാറു മിനിറ്റുമാത്രമാണ് പകരക്കാരന്റെ വേഷത്തിൽ വിനിഷ്യസിനു കളിക്കാനായത്. ആ മത്സരത്തിൽ ഒരു ഗോളിനു പെറുവിനോട് തോൽവിയേറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.

You Might Also Like