കോവിഡ് പ്രോട്ടോകോൾ ലംഘനം, റയൽ സൂപ്പർതാരത്തിനു ആറുമാസം ജയിൽ ശിക്ഷ ലഭിച്ചേക്കും

റയൽ മാഡ്രിഡ്‌ സൂപ്പർ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെതിരെ നിയമപരമായി മുന്നോട്ടുപോവാനൊരുങ്ങുകയാണ്  അദ്ദേഹത്തിന്റെ ജന്മനാടായ സെർബിയ. കോവിഡ് നിയന്ത്രണ നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ജോവിച്ചിനെതിരെ  നടപടിക്കൊരുങ്ങുന്നത്. കാമുകിയുടെ പിറന്നാൾ ആഘോഷിക്കാനായി റയൽ മാഡ്രിഡ് നിർദേശിച്ച ക്വാറന്റൈനിൽ നിന്നും പുറത്തുകടന്നു താരം ജന്മനാട്ടിലേക്ക് പോവുകയായിരുന്നു.

കോവിഡ് നിയമം ലംഘിച്ചു സെർബിയയിലെ ബെൽഗ്രേഡിൽ വെച്ചു ബർത്ഡേ പാർട്ടി നടത്തിയത്തോടെയാണ് ജോവിച്ച് നിയമലംഘനം  നടത്തിയെന്ന് കണ്ടെത്തിയത്. കോവിഡുമായി ബന്ധപ്പെട്ടതായതിനാൽ നിയമലംഘനത്തിന് ആറു മാസത്തെ ജയിൽ ശിക്ഷാ താരത്തിനു ലഭിച്ചേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക സെർബിയൻ മാധ്യമമായ ടാൻജുഗിനെ ഉദ്ധരിച്ച് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കോവിഡ് വലിയ രീതിയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  ക്ലബ്ബിന്റെ ക്വാറന്റൈൻ ലംഘിച്ചു ജന്മനാട്ടിലേക്ക് പറന്നതിനാണ് താരത്തിനെതിരായി രാഷ്ട്രീയപ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധത്തിന് ഇരയായത്. കാമുകിയുടെ പിറന്നാൾ പരിപാടിക്ക്  ശേഷം തെരുവിൽ കറങ്ങി നടന്നിരുന്നുവെന്നും താരത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. റയലിലെ ബാസ്കറ്റ്ബോൾ താരത്തിനു  കോവിഡ് സ്ഥിരീകരിച്ചത്തോടെയാണ് ജോവിച്ചടക്കമുള്ള റയൽ സ്റ്റാഫുകൾ ക്വാറന്റൈനിൽ പോവാൻ നിർദേശിച്ചത്.

എന്നാൽ ആ നിർദേശങ്ങൾ  ലംഘിച്ച് സെർബിയയിലേക്ക് മടങ്ങിയതാണ് ജോവിച്ചിനെ കുരുക്കിലാക്കിയിരിക്കുന്നത്. എന്നാൽ താരത്തിനു ചികിത്സപരമായ കാര്യങ്ങൾക്കായി പ്രത്യേക അനുമതിയോടെയാണ് ക്ലബ്ബ് വിടാനനുവദിച്ചതെന്നായിരുന്നു റയലിന്റെ വിശദീകരണം. എന്തായാലും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ 27000 യൂറോ പിഴയടക്കേണ്ടി വരുമെന്നാണ് സെർബിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

You Might Also Like