കോപ്പ ഡെൽ റേയിൽ മൂന്നാം ഡിവിഷൻ ക്ലബ്ബിനോട് തോറ്റു പുറത്തായി, റയലിലെ സിദാൻ്റെ പരിശീലകസ്ഥാനത്തിനു വീണ്ടും ഭീഷണി

അൽകൊയാനോയുമായി നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി രുചിച്ചിരിക്കുകയാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌. 90 മിനുട്ടിൽ 1 – 1 നു സമനിലയിൽ കലാശിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. റയൽ മാഡ്രിഡിനായി പ്രതിരോധ താരം എഡർ മിലിറ്റാവോ ഗോൾ വല കുലുക്കിയപ്പോൾ 80ആം മിനുട്ടിൽ അൽ കൊയാനോക്കായി സമനില ഗോൾ സ്വന്തമാക്കിയത് ജോസെ സോൽബസ് ആയിരുന്നു.

അധിക സമയത്ത് 110ആം മിനുട്ടിൽ   അൽകൊയാനൊ താരം റാമോൺ ലോപ്പസിന് റെഡ് കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നെങ്കിലും റയലിന്റെ അക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ അൽകൊയാനോക്ക് സാധിക്കുകയായിരുന്നു. 115 ആം മിനുട്ടിൽ വീണ്ടും അൽകൊയാനോ ലീഡ് നേടിയതോടെ തിരിച്ചു വരാനാവാത്ത വിധം റയൽ മാഡ്രിഡ് തോൽവി രുചിക്കേണ്ടി വരികയായിരുന്നു.

ഇതോടെ അത്ലറ്റിക് ബിൽബാവോ ക്കെതിരായ സൂപ്പർ കോപ്പ സെമി ഫൈനൽ തോൽവിക്കു ശേഷം റയൽ മാഡ്രിഡ് മറ്റൊരു ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. സിദാനു കീഴിൽ ഇതുവരെയും കോപ്പ ഡെൽ റേ കിരീടം ചൂടാനായിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്. റയൽ മാഡ്രിഡിൽ കളിക്കുന്ന സമയത്തും കോപ്പ ഡെൽ റേ കിരീടം സിനദിൻ സിദാനു ജയിക്കാനായിട്ടില്ല.

എന്തായാലും ഈ തോൽവിക്കു ശേഷം റയൽ മാഡ്രിഡിലെ സിനദിൻ സിദാൻ്റെ പരിശീലക സ്ഥാനത്തിനു വീണ്ടും ഇളക്കം തട്ടിയിരിക്കുകയാണെന്നും അഭ്യൂഹങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിനു മുമ്പേ സൂപ്പർ കോപ്പ സെമി ഫൈനലിൽ അത്ലറ്റിക് ബിൽബാവോക്കെതിരെ തോൽവി പിണഞ്ഞതും സിദാനെ പ്രതിസന്ധിയിലാക്കിയിരുന്നു. അൽകൊയാനോയെപ്പോലുള്ള മൂന്നാം ഡിവിഷൻ ക്ലബ്ബിനെതിരെയേറ്റ തോൽവി റയലിനെ മറ്റൊരു പരിശീലകനു വേണ്ടി ശ്രമിക്കാനുള്ള പ്രചോദനം നൽകിയിരിക്കുകയാണെന്നാണ് അറിയാനായിട്ടുള്ളത്.

You Might Also Like