നൂറാം ചാമ്പ്യൻസ്‌ലീഗ് നോക്കൗട്ട് മത്സരത്തിനായി തയ്യാറെടുത്ത് റയൽ മാഡ്രിഡ്, പരിക്കുകൾ വിനയാകുന്നു

ചാമ്പ്യൻസ്‌ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡ്‌ ബുധനാഴ്ച തങ്ങളുടെ നൂറാം ചാമ്പ്യൻസ്‌ലീഗ് നോക്കൗട്ട് മത്സരത്തിനിറങ്ങുകയാണ്. ഇറ്റാലിയൻ വമ്പന്മാരായ അറ്റലാന്റയുമായി അവരുടെ തട്ടകത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ്‌ലീഗിൽ നൂറാം നോക്കൗട്ട് മത്സരമെന്നത് ലോകത്തിലെ മറ്റൊരു ക്ലബ്ബിനും ഇതുവരെയും നേടാനാവാത്ത ഒരു നേട്ടമാണ്.

ഈ റെക്കോർഡിനൊപ്പം നാലു ചാമ്പ്യൻസ്‌ലീഗ് ഫൈനലുകളിലെത്തിയതും ഉൾപ്പെടും. 2014-18 കാലഘട്ടത്തിലാണ് റയൽ മാഡ്രിഡ്‌ ഇത്രയും കിരീടങ്ങൾ നേടിയെടുത്തത്. നൂറാം നോക്കൗട്ട് മത്സരത്തിനിറങ്ങുമ്പോഴും റയൽ മാഡ്രിഡിനെ വലക്കുന്നത് താരങ്ങളുടെ പരിക്കുകളാണ്. സെർജിയോ റാമോസടക്കം നിരവധി സീനിയർ താരങ്ങളാണ് പരിക്കു മൂലം പുറത്തിരിക്കുന്നത്.

റയൽ മാഡ്രിഡിന്റെ ഈ സീസണിലെ മികച്ച ഗോൾവേട്ടക്കാരനായ കരിം ബെൻസമക്കും അടുത്തിടെ പരിക്കേറ്റു പുറത്തായിരുന്നു. അറ്റലാന്റക്കെതിരെ ആദ്യപാദത്തിൽ താരത്തിനു കളിക്കാനാവില്ലെന്നാണ് അറിയാനാകുന്നത്. പരിശീലന സെന്ററായ വാൽഡെബബാസിൽ ഡോക്ടർമാർ താരങ്ങളുടെ പരിക്കിൽ നിന്നും മുക്തരാക്കാൻ കൂടുതൽ സമയം ജോലിയിലേർപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

സ്‌ക്വാഡ് തികക്കാനായി റയൽ മാഡ്രിഡ്‌ അക്കാദമിയായ കാസ്റ്റിയ്യയിൽ നിന്നും സിദാനു യുവതാരങ്ങളെ ഉൾപ്പെടുത്തേണ്ടി വരുന്ന ഗതികേടിലാണുള്ളത്. ഡിയെഗോ ആൽട്യൂബ്, വിക്ടർ ചസ്റ്റ്, മിഗ്വേൽ ഗുട്ടിയെറിസ്,അന്റോണിയോ ബ്ലാങ്കോ, ഹ്യൂഗോ ദുറോ, സെർജിയോ അരിബാസ് എന്നിങ്ങനെ ആറു യൂത്ത് ടീം താരങ്ങളെ സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സെമിഫൈനലിൽ പോലും എത്താൻ സാധിക്കാത്തതു കൊണ്ടു തന്നെ ഇത്തവണ അതു മറികടക്കാനാവുമെന്ന് തന്നെയാണ് ലോസ് ബ്ലാൻകോസ് വിശ്വസിക്കുന്നത്.

You Might Also Like