ഒന്നു ഒഴിവായിത്തരണം, ഗാരെത് ബെയ്ലിന്റെ വില കുത്തനെ കുറച്ച് റയൽ മാഡ്രിഡ്

Image 3
FeaturedFootballLa Liga

വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ലിനു റയൽ മാഡ്രിഡിൽ കഷ്ടകാലം തുടരുകയാണ്. താരവും ക്ലബും തമ്മിലുള്ള ബന്ധം തകര്ന്നിട്ടു കാലം കുറച്ചായി. ഈ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ കൈമാറാൻ റയൽ പരിശീലകൻ സിദാൻ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും താരം അതിന് സമ്മതിക്കാതിരിക്കുകയായിരുന്നു. താൻ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച ബെയ്ൽ തന്നെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടാൻ അനുവദിക്കാത്ത റയലിനെ കളിയാക്കാൻ വരെ താരം തുനിഞ്ഞു.

കഴിഞ്ഞ സമ്മറിൽ താരത്തിന് വേണ്ടി ഒരു ചൈനീസ് ക്ലബ് റയലിനെ സമീപ്പിച്ചിരുന്നു. എന്നാൽ അവസാനനിമിഷം റയൽ മാഡ്രിഡ്‌ അത്‌ മുടക്കുകയായിരുന്നുവെന്നാണ് ബെയ്ൽ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്. എന്നാലിപ്പോൾ കഥ മാറിയിരിക്കുന്നു.ബെയ്ലിനെ ഒഴിവാക്കാൻ വേണ്ടി പണം നൽകാൻ വരെ തയ്യാറായിരിക്കുകയാണ് റയൽ മാഡ്രിഡ്‌. താരത്തിന്റെ ബാക്കിയുള്ള ശമ്പളത്തിന്റെ പകുതി നൽകാമെന്നാണ് റയൽ മാഡ്രിഡിന്റെ ഓഫർ.

പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ബെയ്ലിന് രണ്ടു വർഷം കൂടി റയലിൽ കരാർ ബാക്കിയുണ്ട്. ഒരു സീസണിൽ 14.5 മില്യൺ യൂറോയാണ് താരത്തിന് ശമ്പളമായി റയൽ മാഡ്രിഡിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പകുതി തങ്ങൾ നൽകാമെന്നാണ് റയൽ മാഡ്രിഡിന്റെ ഓഫർ. അതായത് ഏഴ് മില്യൺ യൂറോ അടുത്ത രണ്ട് സീസണുകളിലും ബെയ്ലിന് റയൽ നൽകും.ബാക്കി വരുന്ന തുക മാത്രം താരത്തിനെ വാങ്ങുന്ന ക്ലബ് നൽകിയാൽ മതി.

പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പർ എന്നിവരാണ് ബെയ്ലിന് വേണ്ടി രംഗത്തുണ്ടായിരുന്നത്. രണ്ടു വർഷത്തെ ശമ്പളത്തിന്റെ പകുതി റയൽ നൽകാം എന്ന് സമ്മതിച്ച സ്ഥിതിക്ക് ഈ രണ്ട് ടീമുകളിലൊരാൾ ബെയ്‌ലിനെ സ്വന്തമാക്കുമെന് പ്രതീക്ഷയിലാണ് റയൽ. ഈ കഴിഞ്ഞ സീസണിൽ കേവലം 1260 മിനുട്ടുകൾ മാത്രം കളിച്ച ബെയ്ൽ മൂന്നു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ശമ്പളത്തിന് പുറമെ ബെയ്‌ലിന്റെ വിലയും കുറക്കാൻ റയൽ തയ്യാറായിരിക്കുകയാണ്.