ചാമ്പ്യൻസ് ലീഗല്ല അലാവെസിനെ ശ്രദ്ധിക്കൂ, റയലിന് മുന്നറിയിപ്പുമായി ഇതിഹാസം

Image 3
Football

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും അതില്‍ മതിമറന്ന് ചര്‍ച്ച ചെയ്യുന്ന റയലിന് മുന്നറിയിപ്പുമായി റയല്‍ മാഡ്രിഡ് ഇതിഹാസം എമിലിയോ ബുട്രഗ്വേനോ. ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗിന് പകരം റയല്‍ മാഡ്രിഡ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അലാവെസുമായുള്ള ലാലിഗ മത്സരത്തിനാണെന്നാണ് എമിലിയോ ബുട്രഗ്വേനോ ഉപദേശിക്കുന്നത്.

ലാലിഗയില്‍ ഇനി നാലു മത്സരങ്ങളാണ് റയലിന് അവശേഷിക്കുന്നത്. ഒരു പരാജയം പോലും കിരീടം നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നതിനാല്‍ റയലിന് അഗ്നിപരീക്ഷയാണ് ലീഗില്‍ മുന്നിലളളത്.

ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി നടന്ന ആദ്യപാദ മത്സരത്തില്‍ 2-1 നു റയല്‍ മാഡ്രിഡ് തോല്‍വി രുചിച്ചിരുന്നു. രണ്ടാം പാദം സിറ്റിയുടെ സ്റ്റേഡിയത്തില്‍ വെച്ചു ഓഗസ്റ്റ് ആദ്യവാരത്തില്‍ നടക്കും. സിറ്റിയുമായുള്ള മത്സരം വിജയിച്ചു അടുത്ത റൗണ്ടിലെത്തിയാല്‍ യുവന്റസോ ലിയോണോ ആയിരിക്കും എതിരാളികള്‍.

‘സാഹചര്യങ്ങള്‍ക്കനുസരിച് നമ്മള്‍ മാറണം. യുവേഫ മത്സരത്തിന് പുതിയ രൂപമാറ്റം കൊണ്ടുവന്നിരിക്കുകയാണ്. നമ്മുടെ ആദ്യ കര്‍ത്തവ്യം സിറ്റിയെ തോല്‍പ്പിക്കുക എന്നതാണ്. ആരാണ് എതിരാളികളെന്നു അറിയില്ലെങ്കിലും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി പോര്‍ട്ടുഗലിലേക്ക് പോകാനാവുമെന്നു പ്രതീക്ഷിക്കുന്നു.’ ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പിനു ശേഷം ബുട്രഗ്വേനോ അഭിപ്രായപ്പെട്ടു.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലല്ല ഇപ്പോള്‍ റയല്‍ മാഡ്രിഡ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതെന്നും അലാവെസുമായുള്ള ലാലിഗ മത്സരത്തിനാണ് തയ്യാറെടുക്കേണ്ടതെന്നും ബുട്രഗ്വേനോ അഭിപ്രായപ്പെട്ടു.. ഇനിയുള്ള നാലു മത്സരങ്ങളും ഫൈനലുകളായി കാണണമെന്നും അതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.