ഹൃദയം നുറുങ്ങി സിദാൻ വിടവാങ്ങി, പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്‌

സീസണിൽ ട്രോഫികളൊന്നും നേടാൻ സാധിക്കാതെ പോയ ഒരു ക്ലബ്ബായിരുന്നു റയൽ മാഡ്രിഡ്‌. ഒന്നും നേടാനായില്ലെങ്കിൽ ക്ലബ്ബ് തന്നെ പുറത്താക്കുമെന്ന് ഇടക്കിടെ മാഡ്രിഡ്‌ ആസ്ഥാനമായുള്ള മാധ്യമങ്ങളിൽ വന്നു തുടങ്ങിയത് പരിശീലകൻ സിദാനെ അലോസരപ്പെടുത്തിയിരുന്നു. റയലിനെ പിന്തള്ളി അത്ലറ്റിക്കോ ലാലിഗ കിരീടം സ്വന്തമാക്കിയതോടെ സ്ഥിതി സിദാനെതിരെ തിരിയുകയും പകരക്കാരൻ പരിശീലകരെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നു വരികയും ചെയ്തു.

എന്നാൽ ഇത്തരം വാർത്തകൾ സിനദിൻ സിദാനെ കൂടുതൽ രോഷാകുലനാക്കുകയാണുണ്ടായത്. ഒടുവിൽ സിദാൻ തന്നെ രാജി സമർപ്പിക്കുകയായിരുന്നു. ഇത്തരം ചോർന്ന വാർത്തകൾക്കെതിരെ പ്രസിഡന്റായ പെരെസ് മൗനം പാലിച്ചതാണ് സിദാനെ കൂടുതൽ ചൊടിപ്പിച്ചത്.

ക്ലബ്ബ് വിടാനുണ്ടായ കാരണമെല്ലാം ആരാധർക്കും താരങ്ങൾക്കുമായി തന്റെ വിടവാങ്ങൽ സന്ദേശത്തിൽ വെളിപ്പെടുത്തിക്കൊണ്ടാണ് സിദാൻ റയലിൽ നിന്നും വിടവാങ്ങുന്നത്. നിരാശയും വേദനയും ഒപ്പം ദേഷ്യവും ആ വരികളിൽ പ്രതിഫലിച്ചിരുന്നു. പെരെസിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നു സിദാൻ നിരാശയോടെ വ്യക്തമാക്കുന്നുണ്ട്.
സിദാൻ രാജിവെച്ചതോടെ പുതിയ പരിശീലകനു വേണ്ടിയുള്ള ശ്രമമാണ് റയൽ മാഡ്രിഡ്‌ നിലവിൽ നടത്തിക്കൊണ്ടിക്കുന്നത്.

മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയും റയൽ ഇതിഹാസം റൗൾ ഗോൺസാലസും അഭ്യൂഹങ്ങളിലുണ്ടായിരുന്നെങ്കിലും നിലവിൽ റയലിന്റെ തന്നെ മുൻ പരിശീലകൻ കാർലോ ആഞ്ചെലോട്ടിയെയാണ് പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. എവർട്ടണിൽ നിന്നും റയലിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പുറത്തു വിടുന്നത്.

You Might Also Like