ബയേൺ സൂപ്പർതാരത്തിനായി ബാഴ്സയോട് മത്സരിച്ച് റയൽമാഡ്രിഡും, ജനുവരിയിൽ കരാറിലെത്തിയേക്കും

Image 3
FeaturedFootballLa Liga

ബയേണിൽ  ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരമാണ് ഇരുപത്തെട്ടുകാരൻ ഡേവിഡ് അലബ. കരാർ പുതുക്കുന്നതിനെ സംബന്ധിച്ചു ഒത്തുതീർപ്പിലെത്താൻ കഴിയാതെ വന്നതോടെ ഈ സീസൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫറിൽ താരം പുറത്തു പോവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫ്രീ ട്രാൻസ്ഫറിൽ മികച്ച കിട്ടുമെന്നതിനാൽ പല വമ്പന്മാരും താരത്തെ നോട്ടമിട്ടിട്ടുണ്ട്.

അതിൽ ഏറ്റവും മുൻപന്തിയിലുള്ളത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ്. പരിചയ സമ്പന്നതയും മധ്യനിരയിലും പ്രതിരോധത്തിലും ഒരു പോലെ കളിക്കാൻ സാധിക്കാൻ സാധിക്കുന്ന താരമായതിനാലാണ് റയൽ മാഡ്രിഡ്‌ താരത്തെ നോട്ടമിട്ടത്. ഏറെക്കാലമായി താരത്തിന്റെ ബയേണിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു ക്ലബ്ബാണ് റയൽ മാഡ്രിഡ്.

അടുത്തിടെ ബാഴ്സലോണയും താരത്തിനായി രംഗത്തെത്തിയതോടെ റയൽ മാഡ്രിഡ്‌ തരത്തിനയുള്ള ശ്രമം നേരത്തെ ആരംഭിച്ചിരിക്കുകയാണ്. സീസണവസാനം വരെ കാക്കാതെ ഈ ജനുവരിയിൽ തന്നെ കരാറിലെത്താനുള്ള ശ്രമം റയൽ മാഡ്രിഡ്‌ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ ഡയാരിയോ എഎസ് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഏജന്റുമായി റയൽ മാഡ്രിഡുമായി ഒരു ഒത്തുതീർപ്പിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബയേണിന്റെ യൂത്ത് റാങ്കുകളിലൂടെ വളർന്നു വന്നു 2009ലാണ് താരം സീനിയർ ടീമിലിടം പിടിക്കുന്നത്. അതിനു ശേഷം ബയേണിനായി നാന്നൂറിലധികം മത്സരങ്ങളിൽ ബൂട്ടുകെട്ടാൻ ഈ ഓസ്ട്രിയൻ താരത്തിനു സാധിച്ചിട്ടുണ്ട്. ബയേണിനൊപ്പം 9 ലീഗ് കിരീടങ്ങളും 6 ഡിഎഫ്ബി പൊകലും രണ്ടു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങളും നേടാൻ അലബയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ആരാധകനായ സിദാൻ ഈ പരിചയ സമ്പന്നതയെ മുതലെടുക്കാനുള്ള നീക്കത്തിലാണുള്ളത്.