ഗോളടിക്ഷാമം, ഹാളണ്ടിനെ സ്വന്തമാക്കാൻ പുതുവഴി തേടി റയൽ മാഡ്രിഡ്‌

Image 3
FeaturedFootballLa Liga

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡ്‌ വിട്ടതിനു ശേഷം അദ്ദേഹത്തിനു പകരക്കാരനായി ഇതു വരെയും മികച്ചൊരു താരത്തെ സ്പാനിഷ് വമ്പൻമാർക്ക് കണ്ടെത്താനായിട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം ഈ സീസണിൽ പുതിയ താരങ്ങൾക്കു വേണ്ടി ശ്രമിക്കില്ലെന്നു പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ ലക്ഷ്യമിട്ട താരങ്ങൾക്ക് വേണ്ടി ശ്രമിക്കും.

അടുത്ത സീസണിലെ റയലിന്റെ പ്രധാനലക്ഷ്യം പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ തന്നെയാണ്. താരത്തിനായി ലിവർപൂളും മികച്ച മത്സരവുമായി രംഗത്തുണ്ടെങ്കിലും അടുത്ത സീസണിൽ തന്നെ എംബാപ്പെയെ ബെർണബ്യുവിലെത്തിക്കാനുള്ള ശ്രമം പെരെസ് നടത്തിയേക്കും. പിഎസ്‌ജിയുമായി കരാർ പുതുക്കാൻ വിസമ്മതിക്കുന്നതും ഈ സീസണു ശേഷം ക്ലബ്ബ് വിടാനുള്ള താരത്തിന്റെ നീക്കത്തെ സൂചിപ്പിക്കുന്നു.

എന്നാൽ എംബാപ്പെക്കു പുറമെ ഗോളടിയുടെ ക്ഷാമം തീർക്കാൻ എർലിംഗ് ഹാളണ്ടിനായും റയൽ മാഡ്രിഡ്‌ ശ്രമിച്ചേക്കും. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ സീസണിലേക്കല്ല പകരം 2022 സീസണിലേക്കാണ് ഹാളണ്ടിനു വേണ്ടി റയൽ മാഡ്രിഡ്‌ ശ്രമിക്കുക. അടുത്ത സീസണിലെ പ്രധാനതാരം എംബാപ്പെ തന്നെയായിരിക്കും.

ഡോർമുണ്ടുമായി മികച്ച ബന്ധം പുലർത്തുന്ന റയൽ മാഡ്രിഡിനു ഹാളണ്ടിനെ മാന്യമായ തുകക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയൽ മാഡ്രിഡ്‌ താരങ്ങളായ അച്രഫ് ഹക്കിമിയുടെയും റെനിയർ ജീസസിന്റെയും ലോൺ കരാറിലൂടെ ഡോർട്മുണ്ട് സിഇഒ ഹാൻസ് ജോവാകിം വാട്സ്‌കെയും റയൽ പ്രസിഡന്റ് പെരെസും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നതെന്നതും ഹാളണ്ട് ട്രാൻസ്ഫറിനെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.