ചാമ്പ്യൻസ്‌ലീഗിൽ റയൽ മാഡ്രിഡിനു വൻ തിരിച്ചടി, റയൽ മാഡ്രിഡ് താരം റാഫേൽ വരാനു കോവിഡ് സ്ഥിരീകരിച്ചു

റയൽ മാഡ്രിഡ്‌ താരം റാഫേൽ വരാനു കോവിഡ് സ്ഥിരീകരിച്ചതായി റയൽ മാഡ്രിഡ്‌ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ലിവർപൂളിനെതിരായ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനു മുന്നോടിയായി നടന്ന കോവിഡ് പരിശോധനയുടെ ഫലത്തിലാണ് വരാനു കോവിഡ് ബാധിച്ചിട്ടുണ്ടെന്നു തെളിഞ്ഞത്. റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്.

ഇതോടെ പരിക്കുമൂലം നഷ്ടപ്പെട്ട ക്യാപ്റ്റൻ റാമോസിന് പിന്നാലെ മറ്റൊരു സുപ്രധാന പ്രതിരോധ താരത്തെക്കൂടി സിദാനു നഷ്ടപ്പെട്ടിരിക്കുകയാണ്. ലിവർപൂളിനെതിരായ മത്സരത്തിനു പിന്നാലെ ലാലിഗയിൽ നിർണായകമായ എൽ ക്ലാസിക്കോയും താരത്തിനു നഷ്ടമായേക്കും. ഇതിനകം തന്നെ പരിക്കുകൾ മൂലം നിരവധി താരങ്ങൾ പുറത്തിരിക്കുന്നതിനു പിന്നാലെ വരാനെയും നഷ്ടപ്പെട്ടത് സിദാനു വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇതോടെ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ റെറ്റ്ബാക്ക് ഡാനി കാർവഹാളിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നംഗ പ്രതിരോധനിരയെ പിറകിൽ പരീക്ഷിക്കാനാണ് സിദാൻ്റെ നീക്കം. റാമോസിനു പകരക്കാരനായി നാച്ചോയും മെൻഡിയും പ്രതിരോധത്തിൽ കാർവഹാളിനു കൂട്ടായുണ്ടാവും. എന്നാൽ ബ്രസീലിയൻ താരം മാർസലോയെ ആക്രമണ സ്വഭാവമുള്ള ഫുൾ ബാക്ക് റോളിലാണ് സിദാൻ പരീക്ഷിക്കുക.

3-5-2 ഫോർമേഷനിലായിരിക്കും റയൽ മാഡ്രിഡ് ലിവർപൂളിനു നേരെ അണിനിരക്കുക. പരിക്കിൽ നിന്നും തിരിച്ചു വന്നു പരിശീലനം നടത്തിയ ഈഡൻ ഹസാർഡിനും ചിലപ്പോൾ സിദാൻ അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വരാൻ സ്ക്വാഡ് താരങ്ങളുമായി ഇടപഴകിയിട്ടുള്ളതിനാൽ കൂടുതൽ താരങ്ങൾക്ക് പകർന്നിട്ടുണ്ടാവുമോയെന്ന ആശങ്കയിലാണ് നിലവിൽ റയൽ മാഡ്രിഡുള്ളത്.

You Might Also Like