ഈ ട്രാൻഫർ റയലിനു തിരിച്ചടിയോ? ഹസാർഡിന്റെ കാര്യത്തിൽ റയൽ മാഡ്രിഡിൽ ആശങ്കയുയരുന്നു

Image 3
FeaturedFootballLa Liga

ചെൽസിയിൽ നിന്നും വൻ പ്രതീക്ഷകളുമായാണ് റയൽ മാഡ്രിഡ്‌ 100 മില്യൺ യൂറോ മുടക്കി സൂപ്പർതാരം ഈഡൻ ഹസാർഡിനെ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. എന്നാൽ ഒരു സീസൺ പിന്നിടുമ്പോൾ നിരാശയായിരുന്നു ഫലം. പരിക്കും മോശം ഫോമും താരത്തിന്റെ പ്രകടനത്തെ വല്ലാതെ ബാധിച്ചു. ലാലിഗ ഫുട്‍ബോളിനോട് ഇണങ്ങി ചേരാൻ കഴിയാതെ വന്ന ഹസാർഡിന് പ്രീമിയർ ലീഗിലെ മികവിന്റെ ഏഴയലത്തു പോലും എത്താൻ സാധിച്ചില്ലെന്നതാണ് വസ്തുത.

പുതിയ സീസണിലെങ്കിലും പഴയ മികവിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരും റയലും കണക്കുകൂട്ടുന്നത്. എന്നാലിപ്പോൾ നേഷൻസ് ലീഗിനായി ബെൽജിയം ടീമിൽ ചേർന്നതിൽ റയൽ മാഡ്രിഡിനു പറ്റിയ പിഴവാണെന്നാണ് റിപ്പോർട്ടുകൾ. ബെൽജിയം ടീമിലെടുത്ത ഹസാർഡിനെ ഒരൊറ്റ മിനുട്ട് പോലും കളിപ്പിക്കാഞ്ഞത് റയലിനെ ചൊടിപ്പിച്ചിരുന്നു.

ഹസാർഡിനെ റയൽ മാഡ്രിഡ്‌ മനസ്സില്ലാമനസ്സോടെയാണ് ബെൽജിയം ടീമിനൊപ്പം പറഞ്ഞയച്ചത്. എന്നാൽ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് താരത്തിനു പൂർണ ശാരീരികക്ഷമതയില്ലെന്നു ചൂണ്ടിക്കാട്ടി തഴയുകയായിരുന്നു. അവസരം ലഭിക്കില്ല എന്നറിഞ്ഞിട്ടും താരം റയലിലേക്ക് മടങ്ങി എത്താത്തത് റയലിനെ ചൊടിപ്പിക്കുകയായിരുന്നു.

ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ മടങ്ങിയപ്പോഴും താരം ബെൽജിയം ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. താരത്തിനു ശരീരഭാരം കൂടിയതായും ആരോപണമുണ്ട്. കൂടാതെ സഹതാരങ്ങൾക്കൊപ്പം ഹസാർഡ് ഇണങ്ങാൻ രണ്ടോ മൂന്നോ ആഴ്ച്ചകൾ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ ഈ സാഹചര്യം കൂടുതൽ ഗുണകരമാവുക വിനീഷ്യസ് ജൂനിയറിനാവും.