യുണൈറ്റഡ് സൂപ്പര്‍ താരത്തെ റാഞ്ചാന്‍ റയല്‍, വലിയ വാര്‍ത്ത വരുന്നു

ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് സൂപ്പര്‍ക്ലബ് റയല്‍ മാഡ്രിഡും തമ്മില്‍ അഭേദ്യമായ ബന്ധമാണ് പലപ്പോഴും കാണാന്‍ കഴിയുക. സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ തുടങ്ങിയ താരകൈമാറ്റം സൂപ്പര്‍താരം പോള്‍ പോഗ്ബയിലെത്തി നില്‍ക്കുകയാണിപ്പോള്‍.

മാഞ്ചസ്റ്ററിന്റെ നെടുതൂണായ ഫ്രഞ്ച് മധ്യനിരതാരം പോള്‍ പോഗ്ബക്കായി പുതിയ ഓഫര്‍ നല്‍കാനൊരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ റയലിലേക്കാണെന്നുള്ള സൂചന പോള്‍ പോഗ്ബ നല്‍കിയിരുന്നു. റയല്‍ മാഡ്രിഡ് തന്റെ സ്വപ്നക്ലബ്ബാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ഈ സീസണില്‍ പരിക്കു കാരണം ഒരുപാട് മത്സരങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും കൊറോണക്ക് ശേഷം ലീഗ് പുനരാംഭിച്ചതിനു ശേഷം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ പോഗ്ബക്കായിട്ടുണ്ട്. റയലിനോടൊപ്പം മുന്‍ക്ലബ്ബായ യുവെന്റസും പോഗ്ബക്ക് വേണ്ടി വിലപറയുന്നുണ്ട്.

പോഗ്ബക്കു പരിക്കേറ്റ സമയത്ത് താരത്തിലുള്ള റയല്‍ മാഡ്രിഡിന്റെ താത്പര്യത്തില്‍ അയവുണ്ടായെങ്കിലും യുണൈറ്റഡിലെ പുത്തന്‍ താരോദയം ബ്രൂണോ ഫെര്‍ണാണ്ടസിനൊപ്പം മികച്ച പ്രകടത്തോടെ തിരിച്ചുവന്നപ്പോള്‍ സിനദിന്‍ സിദാന്‍ തന്റെ ശ്രദ്ധ വീണ്ടും ഫ്രഞ്ച് മധ്യനിര താരത്തിലേക്ക് പതിപ്പിച്ചിരിക്കുകയാണ്. 2016ലാണ് യുവന്റസില്‍ നിന്നും അന്നത്തെ റെക്കോര്‍ഡ് തുകയായ 89 മില്യണ് പോഗ്ബയെ യുണൈറ്റഡിലെത്തിക്കുന്നത്.

കഴിഞ്ഞ സീസണില്‍ത്തന്നെ പോഗ്ബയെ റയലിലെത്തിക്കാന്‍ കഴിയാത്തതില്‍ സിനദിന്‍ സിദാന്‍ നിരാശനായിരുന്നു. പോഗ്ബ പരിക്കേറ്റ സമയത്ത് ഫ്രഞ്ച് ക്ലബ് നീസിന്റെ പതിനെട്ടുകാരന്‍ എഡ്വാര്‍ഡോ കാമവിങ്കയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനത്തോടെ പോഗ്ബ തിരിച്ചുവന്നത് സിദാനില്‍ വീണ്ടും താരത്തെ പ്രിയങ്കരനാക്കുകയാണ്.

You Might Also Like