ഹസാർഡിനെ ബെഞ്ചിലിരുത്തി, ബെൽജിയത്തോട്  രോഷാകുലരായി റയൽ മാഡ്രിഡ്

Image 3
FeaturedFootballNations League

ബെൽജിയത്തിനു വേണ്ടി കളിക്കുന്ന  റയൽ മാഡ്രിഡിന്റെ  സൂപ്പർ താരങ്ങളാണ് ഈഡൻ ഹസാർഡും ഗോൾ കീപ്പർ തിബോട്ട്  കോർട്ടുവയും. ലാലിഗയുടെ പുതിയ സീസൺ തുടങ്ങാനിരിക്കെ യുവേഫ നേഷൻസ് ലീഗിന് വേണ്ടി ബെൽജിയത്തിലേക്ക് ഇരു താരങ്ങളെയും ഉൾപ്പെടുത്തിയിരുന്നു.  ഇരുതാരങ്ങളെയും വിട്ടയക്കാൻ  റയൽ മാഡ്രിഡിന് താല്പര്യമില്ലായിരുന്നുവെങ്കിലും ഇരുവരും ബെൽജിയത്തിനൊപ്പം ചേക്കുകയായിരുന്നു.

എന്നാൽ ഗോൾകീപ്പർ തിബോട്ട് കോർട്ടുവാ വെള്ളിയാഴ്ച്ച തന്നെ  മാഡ്രിഡിലേക്ക് മടങ്ങിയെത്തുകയും റയലിൽ ചേരുകയുമായിരുന്നു. എന്നാൽ ഹസാർഡ് ബെൽജിയത്തിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈഡൻ ഹസാർഡിന് നേഷൻസ് ലീഗിൽ ബെൽജിയം കളിച്ച രണ്ട് മത്സരങ്ങളിലും ഒരൊറ്റ മിനുട്ട് പോലും കളിക്കാൻ സാധിച്ചില്ലെന്നതാണ് രസകരമായ വസ്തുത.

ശനിയാഴ്ച ഡെന്മാർക്കിനെതിരെയും ചൊവ്വാഴ്ച ഐസ്ലാന്റിനെതിരെയുമാണ് ബെൽജിയം നേഷൻസ് ലീഗിൽ  മത്സരങ്ങളുണ്ടായിരുന്നത്. ഇതിൽ ഡെന്മാർക്കിനെ  എതിരില്ലാത്ത രണ്ടു ഗോളിനും  ഐസ്ലാന്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കും ബെൽജിയം തകർക്കുകയായിരുന്നു. ഇരുപത്തെട്ടുകാരനായ താരം ചെറിയ ഇഞ്ചുറി മൂലം വെള്ളിയാഴ്ചയാണ് ഗ്രൂപ്പിനൊപ്പം പരിശീലനം നടത്തിയത്. ശനിയാഴ്ചത്തെ മത്സരത്തിന് പരിഗണിച്ചല്ല. എന്നാൽ ഐസ്ലാൻഡിനെതിരായ  മത്സരത്തിൽ സൂപ്പർ താരത്തിന് സ്ഥാനം ലഭിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ   പരിശീലകൻ താരത്തെ ബെഞ്ചിൽ ഇരുത്തുകയായിരുന്നു. ഇത് റയൽ മാഡ്രിഡിനെ വളരെയധികം ചൊടിപ്പിച്ചിട്ടുണ്ട്. ബെൽജിയം പരിശീലകൻ മാർട്ടിനെസിന്റെ ആവശ്യപ്രകാരമാണ് റയൽ ഹസാർഡിനെ വിട്ടു നൽകിയത്. എന്നാൽ താരത്തിന് അവസരം ലഭിക്കാഞ്ഞത് റയലിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റയൽ മാഡ്രിഡ്‌ പരിശീലനം തുടങ്ങിയ സാഹചര്യത്തിൽ താരത്തെ വിട്ടു നല്കിയതുകൊണ്ട്.