മൂന്നു സൂപ്പർ താരങ്ങൾക്കായി റയൽ അണിയറയിലൊരുങ്ങുന്നു, അടുത്ത ട്രാൻഫറിൽ റാഞ്ചിയേക്കും

Image 3
FeaturedFootballLa Liga

ഇത്തവണത്തെ ട്രാൻഫർ ജാലകത്തിൽ ആരെയും വാങ്ങില്ലെന്ന് റയൽ മാഡ്രിഡ്‌ മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ സ്‌ക്വാഡ് തന്നെ മതിയെന്ന് റയൽ പ്രസിഡന്റ്‌ ഫ്ലോരെന്റിനോ പെരെസും പരിശീലകൻ സിദാനും തീരുമാനിക്കുകയായിരുന്നു. എന്നാൽ അടുത്ത സീസണിലെ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ വമ്പൻ ട്രാൻസ്ഫറുകളാണ് ലക്ഷ്യമിടുന്നത്. റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായ കിലിയൻ എംബാപ്പെയെ അടുത്ത സീസണിൽ പിഎസ്ജിയിൽ നിന്നും റാഞ്ചാനാണ് റയൽ മാഡ്രിഡിന്റെ നീക്കം.

എംബാപ്പെക്കും റയൽ മാഡ്രിഡിനോട് താല്പര്യമുള്ളതിനാലാണ് പിഎസ്ജിയുമായി എംബാപ്പെ ഇതുവരെ കരാർ പുതുക്കാൻ തയ്യാറാവാഞ്ഞത്. സൂപ്പർതാരം എംബാപ്പെയെ മാത്രമല്ല റയൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയൽ നോട്ടമിടുന്നത്. പ്രണ്ട് ഫ്രഞ്ച് യുവതാരങ്ങളായ കാമവിങ്കയെയും ഉപമെക്കാനോയെയും റയൽ റാഞ്ചിയേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

എംബാപ്പെയുടെയും കാമവിങ്കയുടെയും ട്രാൻസ്ഫറിനാണ് റയൽ മുൻഗണന നൽകുന്നത്. പതിനേഴുകാരനായ കാമവിങ്ക ഫ്രഞ്ച് ക്ലബായ റെന്നസിന്റെ താരമാണ്. മധ്യനിര താരമായ കാമവിങ്ക പതിനേഴാം വയസ്സിൽ തന്നെ അടുത്തിടെ നാഷൻസ്‌ലീഗിൽ ഫ്രാൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിനായി പിഎസ്ജിയും മുന്നോട്ടുവന്നിട്ടുണ്ട്. എഴുപത് മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. റയൽ താരത്തിന് വേണ്ടി മുൻപും ശ്രമിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഒഴിവാക്കുകയായിരുന്നു. നാഷൻസ്‌ലീഗിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടിയ ഉപമെക്കാനോ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ ആർബി ലൈപ്സിഗിന് വേണ്ടി മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഉപമെക്കാനോയ്ക്കായും അടുത്ത ട്രാൻസ്ഫറിൽ റയൽ ശ്രമിച്ചേക്കും.