യുഗാന്ത്യം!, ഗോള്‍വലക്ക് മുന്നില്‍ ഇനി കസിയ്യസ് ഇല്ല, സ്പാനിഷ് ഇതിഹാസം പടിയിറങ്ങുമ്പോള്‍

Image 3
FeaturedFootball

സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പറും ലോകകപ്പ് ജേതാവുമായ ഇതിഹാസതാരം ഐക്കർ കസിയ്യസ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്.

റയൽ മാഡ്രിഡ് അക്കാഡമിയുടെ വളർന്നു വന്ന താരം റയൽ മാഡ്രിഡിൽ തന്നെയാണ് കരിയറിന്റെ സിംഹഭാഗവും ചിലഴിച്ചത്. പിന്നീട് 2015-ൽ താരം പോർട്ടോയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ വർഷം ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം കളിക്കളത്തിലിറങ്ങാത്ത താരം വിരമിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

https://twitter.com/realmadrid/status/1290626036183441408?s=19

2010-ൽ സ്പെയിൻ തങ്ങളുടെ ഏക ലോകകപ്പ് കിരീടം നേടുമ്പോൾ നായകസ്ഥാനം അലങ്കരിച്ചിരുന്നത് ഐക്കർ കസിയ്യസായിരുന്നു. 2008-ലെയും 2012-ലെയും യുറോ കപ്പ് തങ്ങളുടെ രാജ്യത്തിന് നേടികൊടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ രാജ്യത്തിന് വേണ്ടി 167 മത്സരങ്ങളിൽ വലകാക്കാൻ താരത്തിനായി. 1999 മുതൽ 2015 വരെ ദീർഘകാലം റയലിന്റെ വലകാക്കാൻ ഭാഗ്യം ലഭിച്ച താരമാണ് കസിയ്യസ്.

725 മത്സരങ്ങളിൽ ആണ് അദ്ദേഹം റയലിനായി ഗോൾവല കാത്തത്. ഏറ്റവും കൂടുതൽ മത്സരം കളിച്ച റയലിന്റെ രണ്ടാമത്തെ താരമാവാനും താരത്തിന് സാധിച്ചു. ഈ കാലയളവിൽ അഞ്ച് ലാലിഗയും മൂന്ന് ചാമ്പ്യൻസ് ലീഗും നേടാൻ കസിയ്യസിന് കഴിഞ്ഞിട്ടുണ്ട്. വിരമിക്കലിനു ശേഷം റയൽ മാഡ്രിഡ്‌ പ്രസിഡണ്ട്‌ ഫ്ലോരെന്റിനൊ പെരെസിന്റെ ഉപദേശകസ്ഥാനം കസിയ്യസ് സ്വീകരിച്ചേക്കും.