പ്രതിരോധത്തിലേക്ക് മറ്റൊരു ഫ്രഞ്ച് പടക്കുതിരയെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

മികച്ച ഫോമിലാണെങ്കിലും റാമോസ് കരിയറിന്റെ അവസാന കാലഘട്ടത്തിലേക്കു കാലെടുത്തു വെക്കാനിരിക്കെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി റയൽ മാഡ്രിഡ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സെവിയ്യയുടെ പ്രതിരോധ താരമായ ജൂൾസ് കൂൻഡെയെയാണ് റയൽ ലക്ഷ്യം വെക്കുന്നത്. ഇരുപത്തിയൊന്നുകാരനായ ഫ്രഞ്ച് പ്രതിരോധതാരം സീസണിന്റെ തുടക്കത്തിലാണ് സെവിയ്യയിലേക്കു ചേക്കേറിയത്.

ഇരുപത്തിരണ്ടു ദശലക്ഷം പൗണ്ടിന്റെ ട്രാൻസ്ഫറിൽ ബോർഡെക്സിൽ നിന്നും സെവിയ്യയിലെത്തിയ കൂൻഡെ മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്. സെവിയ്യ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടുന്നതിൽ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. പോർട്ടോയിൽ നിന്നും ടീമിലെത്തിച്ച എഡർ മിലിറ്റാവോ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാത്തതും പുതിയ താരത്തെ സ്വന്തമാക്കാൻ റയലിനെ പ്രേരിപ്പിക്കുന്നു.

ഇഎസ്പിഎന്നാണ് താരത്തിലുള്ള റയലിന്റെ താൽപര്യം വെളിപ്പെടുത്തിയത്‌. സെവിയ്യയിൽ എത്തിയതിനു ശേഷം ഡീഗോ കാർലോസുമായി മികച്ച കൂട്ടുകെട്ടാണ് കൂൻഡെ ഉണ്ടാക്കിയെടുത്തത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിനു പുറമേ യൂറോപ്പ ലീഗ് കിരീടം നേടാനും സെവിയ്യക്ക് ഈ സീസണിൽ പ്രതീക്ഷയുണ്ട്.

താരത്തിന്റെ വേഗതയും മികച്ച പൊസിഷനിംഗുമാണ് സിദാനു താൽപര്യമുണ്ടാകാൻ പ്രധാന കാരണമായത്. എന്നാൽ 2024 വരെ സെവിയ്യയുമായി കരാറുള്ള താരത്തെ സ്വന്തമാക്കാൻ ഏറ്റവും കുറഞ്ഞത് മുപ്പത്തിയഞ്ചു ദശലക്ഷം യൂറോയോളം റയൽ മുടക്കേണ്ടി വരും.

You Might Also Like