ഹസാർഡിന്റെ ഫോം നഷ്ടത്തിനു കാരണം റയൽ മാഡ്രിഡ്, മുൻ പരിശീലകൻ തുറന്നു പറയുന്നു

ചെൽസിയിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഇഡൻ ഹസാർഡിന്റെ ഇപ്പോഴത്തെ മോശം ഫോമിനു കാരണം റയൽ മാഡ്രിഡ് തന്നെയാണെന്ന് മുൻ റയൽ പരിശീലകൻ ഫാബിയോ കാപല്ലോ. റയൽ മാഡ്രിഡിനെ പോലൊരു വമ്പൻ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനെന്ന ഭാരം താങ്ങാൻ ബെൽജിയൻ താരത്തിനു കഴിയാത്തതാണ് താരത്തിന്റെ പ്രശ്നമെന്നാണ് കാപ്പല്ലോ പറയുന്നത്.

“ചെൽസിയിൽ കളിച്ചിരുന്ന ഹസാർഡിനേയല്ല നമ്മൾ റയൽ മാഡ്രിഡിൽ കണ്ടത്. മാത്രമല്ല, കരിയറിൽ ഇതിനു മുൻപുണ്ടാകാത്ത തരത്തിൽ താരത്തിന് അടിക്കടി പരിക്കുകൾ പറ്റുകയും ചെയ്തു. റയൽ മാഡ്രിഡിനോട് ഒത്തു പോകാൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് അതു വ്യക്തമാക്കുന്നത്.” സ്പാനിഷ് മാധ്യമം മാർക്കയോട് സംസാരിക്കുമ്പോൾ കാപല്ലോ വ്യക്തമാക്കി.

“ഹസാർഡ് ഒരു മികച്ച താരമാണെന്നു തന്നെയാണു ഞാൻ കരുതുന്നത്. എന്നാൽ റയൽ മാഡ്രിഡ് ജേഴ്സി ഹസാർഡിനു നൽകിയിട്ടുള്ള പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തിനു താങ്ങാനാകുന്നില്ല. എന്നാൽ അടുത്ത സീസണിൽ അദ്ദേഹം മികച്ച താരമാകുമെന്ന കാര്യത്തിൽ സംശയമില്ല. കാപല്ലോ പറഞ്ഞു.

ഈ സീസണിൽ 21 മത്സരങ്ങൾ റയലിനു വേണ്ടി കളിച്ച ഹസാർഡ് ഒരു ഗോൾ മാത്രമാണു നേടിയിരിക്കുന്നത്. അതേ സമയം താരത്തിന്റെ അഭാവത്തിലും ബെൻസിയുടെ മികവാണ് റയലിനു ലാലിഗ കിരീടം നേടാൻ സഹായകമായത്. തന്റെ ഗോളടിമികവ് എത്രത്തോളമുണ്ടെന്ന് ബെൻസിമ കാണിച്ചു തന്നുവെന്നാണ് ഇതിനെക്കുറിച്ച് കാപല്ലോ പ്രതികരിച്ചത്.

You Might Also Like