ഈ തോല്‍വിയ്ക്ക് ഒന്നാം പ്രതി കോഹ്ലിയാണ്, മാപ്പര്‍ഹിക്കാത്ത നിരവധി തെറ്റാണ് ചെയ്തത്‌

Image 3
CricketIPL

ധനേഷ് ദമോദരന്‍

മൂന്നാം ഓവറില്‍ മെറിഡിത്തിന്റെ പന്തില്‍ ദേവദത്ത് പടിക്കല്‍ പുറത്താകുമ്പോള്‍ ഇന്നിംഗ്‌സിനെ പേസ് ചെയ്തു കൊണ്ട് പോവുക എന്നത് നായകന്‍ കോലിയുടെ കടമയായിരുന്നു. എന്നാല്‍ 180 എന്ന വലിയ ലക്ഷ്യം പിന്‍തുടരുമ്പോള്‍ 8 ഓവറില്‍ RCB സ്‌കോര്‍ 50 റണ്‍സ് മാത്രമായിരുന്നു.

അടുത്ത 12 ഓവറില്‍ 130 റണ്‍സ് ചേസ് ചെയ്യേണ്ട അവസ്ഥ. T20 ക്രിക്കറ്റില്‍ ആദ്യത്തെ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിട്ടും കോലി എന്ന താരം എന്തുകൊണ്ട് ഇങ്ങനെ ബൗളര്‍മാരെ ഇത്രയേറെ ബഹുമാനിക്കുന്നുവെന്നത് പിടി കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ഡെത്ത് ഓവറില്‍ നന്നായി പന്തെറിയാന്‍ പറ്റുന്ന മുഹമ്മദ് സിറാജിന്റ മുഴുവന്‍ ഓവറുകളും പൂര്‍ത്തീകരിക്കാതെ ആ സാഹസികത ഹര്‍ഷല്‍ പട്ടേലിനെ കൊണ്ട് ചെയ്യിച്ച് പഞ്ചാബിനെ 179 ലെത്തിച്ച കോലിയുടെ മണ്ടത്തരത്തിന് മുന്‍പ് റണ്‍ ധാരാളിയായ ചഹലിനെ നിലനിര്‍ത്തി ഒന്നാന്തരം T20 ബൗളറും അത്യാവശ്യം ബാറ്റും ചെയ്യുന്ന സുന്ദറിനെ ഒഴിവാക്കിയത് ആദ്യത്തെ തെറ്റ് .

ഓപ്പണറായി ഇറങ്ങണമെന്ന് നിര്‍ബന്ധം പുലര്‍ത്തുന്ന കോലി പക്ഷെ താന്‍ 30 പന്തുകള്‍ കഴിഞ്ഞേ ഷോട്ടുകള്‍ക്ക് ശ്രമിക്കു .അത് വരെ മറ്റാരെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന നിര്‍ബന്ധവും പുലര്‍ത്തുന്നത് പോലെ തോന്നുന്നു .കോലി നില്‍ക്കുന്ന 10 ഓവറുകളില്‍ RCB റണ്‍റേറ്റ് 8 ലധികം പോയത് ഒരേയൊരു തവണയാണ്. T 20 ക്രിക്കറ്റിനെ പരിഹസിക്കുന്ന രീതിയില്‍ തുടര്‍ച്ചയായി ബാറ്റ് വീശുന്ന കോലിയെ ഈ തോല്‍വിയെ ഒന്നാം പ്രതി എന്നാരെങ്കിലും പറഞ്ഞാല്‍ കടുത്ത കോലി ആരാധകര്‍ പോലും യോജിച്ചേക്കാം.

RCB തുടര്‍ച്ചയായി ജയിക്കുന്നത് കൊണ്ട് മാത്രം മറഞ്ഞിരുന്ന കോലിയുടെ സെന്‍സിബിള്‍ ഇന്നിങ്ങ്‌സുകള്‍ ഇനിയെങ്കിലും ചര്‍ച്ചയാകും .
നേരെ മറിച്ച് ഒരു ദുര്‍ബലമായ ടീമിനെ നയിക്കുന്ന രാഹുല്‍ താന്‍ ഒരാള്‍ കളിച്ചാലേ ടീം രക്ഷപ്പെടു എന്ന അവസ്ഥയില്‍ ചില കളികളില്‍ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ചതിനെ മാപ്പ് നല്‍കാത്ത വിധം പരിഹസിക്കുന്ന വൈരുദ്ധ്യവും കാണാം .പക്ഷെ ആദ്യമാച്ചിലും ഈ മാച്ചിലും ടീമിനെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ നയിച്ച് വിജയിപ്പിച്ച പെരുമ രാഹുലിനുണ്ട്.

കൂടാതെ അയാള്‍ സ്ഥിരത പുലര്‍ത്തുന്നുമുണ്ട് . സാമാന്യം വലിയ ഒരു സ്‌കോര്‍ പടുത്തുയര്‍ത്തി ടോപ് ഓര്‍ഡറിനെ പരീക്ഷിച്ചാല്‍ RCB യെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് വീണ്ടും തെളിഞ്ഞ മത്സരത്തില്‍ 10 നും 15 നും ഓവറിനിടയില്‍ RCB ക്ക് നഷ്ടമായത് 6 വിക്കറ്റുകള്‍ .ആദ്യ 10 ഓവറില്‍ 7 റണ്‍റേറ്റില്‍ പോയി ABD യെയും മാക്‌സ് വെല്ലിനെയും പണിയെടുപ്പിച്ച് മത്സരങ്ങള്‍ എല്ലാം വിജയിക്കില്ലെന്ന് RCB തിരിച്ചറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ആദ്യഘട്ടങ്ങളില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതായവര്‍ വീണ്ടും ഈ സീസണിലും നിരാശരാകും എന്നതിന്റെ സൂചന കൂടി ഈ മത്സരം തരുന്നു . പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡര്‍ ഹര്‍ഷല്‍ പട്ടേലിന്റെ കാമിയോ ആണ് അവരെ അവസാന യാമം 140 നപ്പുറം എത്തിച്ചുവെങ്കിലും മത്സരം എപ്പഴേ കൈവിട്ടു കഴിഞ്ഞിരുന്നു .

സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച് ആദ്യ 8 ഓവറില്‍ തന്നെ മത്സരം RCB നഷ്ടപ്പെടുത്തിയപ്പോള്‍ ആദ്യ മാച്ചിനിറങ്ങി തകര്‍ന്ന പഞ്ചാബ് ബാറ്റിംഗില്‍ 17 പന്തില്‍ 25 അടിച്ചതിനു പുറമെ 4 ഓവറില്‍ 19 റണ്‍ വഴങ്ങി 3 വിക്കറ്റെടുത്ത ഹര്‍ പ്രീത് ബ്രാര്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയപ്പോള്‍ സ്പിന്‍ സെന്‍സേഷന്‍ ബിഷ്‌ണോയ് 4 ഓവറില്‍ 17 റണ്‍ മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത് ആദ്യമാച്ചുകളില്‍ തന്നെ പുറത്തു നിര്‍ത്തിയ മാനേജ്‌മെന്റിനെ നോക്കി പല്ലിളിക്കുകയായിരുന്നു .

ഈ വിജയം നായകന്‍ KL രാഹുലിന്റേതാണ് .കടുത്ത വിമര്‍ശനത്തിലും അയാള്‍ നടത്തിയ ബാറ്റിങ്ങിന്ന് വിലയിടാന്‍ പറ്റില്ല .ഒപ്പം തന്നെക്കാള്‍ വിമര്‍ശനം അര്‍ഹിക്കുന്നവരാണ് മറ്റു പലരുമെന്ന് പറയാതെ അയാള്‍ പറയുകയും ചെയ്യുന്നു .
ദുര്‍ബലരായ പഞ്ചാബിനോടുള്ള RCB യുടെ സകല ആത്മവിശ്വാസവും തകര്‍ക്കും .എന്നാല്‍ ജയം പഞ്ചാബിനെ ,പ്രത്യേകിച്ചും രാഹുലിനെ ഏറെ സ്വാധീനിക്കും .ഒപ്പം ചെന്നൈയും ഡല്‍ഹിയും ഒഴികെയുള്ള ടീമുകള്‍ തമ്മില്‍ പ്‌ളേ ഓഫിലെത്താനുള്ള കടുത്ത മത്സരവും ഈ മാച്ച് സമ്മാനിക്കുന്നു .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍