ഐപിഎല്‍ നിര്‍ത്തിവെച്ചത് ആ ടീമിനെ നിരാശയുടെ പടുകുഴില്‍ ചാടിച്ചിട്ടുണ്ടാകും, തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍

Image 3
CricketIPL

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്ലിന്റെ 14ാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തിവച്ചതില്‍ ഏറ്റവും അധികം നിരാശപ്പെടുക റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ആരാധകരായിരിക്കുമെന്ന് നിരീക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പതിവിന് വിപരീതമായി ഉജ്ജ്വലമായിട്ടായിരുന്നു ആര്‍സിബി സീസണ്‍ തുടങ്ങിയതെന്നും കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമായി കോഹ്ലിപ്പട മാറിയിരുന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു.

‘ആരാധകരുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ഈ വര്‍ഷം കപ്പ് നമ്മള്‍ നേടുമെന്ന അവരുടെ മുദ്രാവാക്യം ഈ സീസണില്‍ ശരിയാവാനിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്കു സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിച്ചതില്‍ നിരാശയുണ്ടാവും. ഇതുവരെ നോക്കിയാല്‍ ആര്‍സിബിയെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമായിരുന്നു’ ഇര്‍ഫാന്‍ നിരീക്ഷിച്ചു.

വിരാട് കോഹ്ലിയെന്ന ബാറ്റ്സ്മാനേക്കാളുപരി വിരാട് കോഹ്ലിയെന്ന ക്യാപ്റ്റനായിരിക്കും ഈ സീസണില്‍ ആര്‍സിബിയുടെ പ്രകടനത്തില്‍ കൂടുതല്‍ ആഹ്ലാദം നല്‍കുകയെന്ന് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ആര്‍സിബി ടീം എല്ലാ മേഖലയിലും മികവ് പുലര്‍ത്തി, കോഹ്ല- മൈക്ക് ഹെസ്സന്‍ (ടീം ഡയറക്ടര്‍) കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു. കഠിനാധ്വാനത്തിനുള്ള ഫലം കൂടിയാണ് ഈ സീസണില്‍ ആര്‍സിബി ലഭിച്ചതെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ലേലത്തില്‍ ആര്‍സിബി മാക്സ്വെല്ലിനു പിറകെ പോയി, ടീമിലെത്തിക്കുകയും ചെയ്തു. ലേലത്തിനു മുമ്പ് നല്ല തയ്യാറെടുപ്പുകളാണ് അവര്‍ നടത്തിയത്. നമ്മള്‍ ഹര്‍ഷല്‍ പട്ടേലിനെക്കുറിച്ച് പറയുന്നു, പക്ഷെ അവര്‍ക്കു ഡാനിയേല്‍ സാംസിനെയും ലഭിച്ചു. ബംഗളൂരുവില്‍ കളിക്കാന്‍ ഈ സീസണില്‍ അവസരം ലഭിച്ചാല്‍ ഇടംകൈയന്‍ പേസറായ സാംസ് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തെ കൊണ്ടു വരാന്‍ ആര്‍സിബിയെ പ്രേരിപ്പിച്ചത്. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ നടന്നില്ല. എങ്കിലും ഹര്‍ഷല്‍ ഗംഭീര പ്രകടനം നടത്തിയതായും ഇര്‍ഫാന്‍ വിലയിരുത്തി.

പ്ലേഓഫിലേക്കു കുതിച്ച ആര്‍സിബി ഇത്തവണ കന്നിക്കിരീടമെന്ന സ്വപ്നവും പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് ചില ഫ്രാഞ്ചൈസികളില്‍ വൈറസ് ബാധയുണ്ടായതോടെ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.