ഐപിഎല്ലില്‍ സ്വന്തമാക്കുക 100 കോടി രൂപ, ചരിത്ര നേട്ടത്തിനരികെ എബിഡി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് ചരിത്ര നേട്ടത്തിനരികെ. ഐപിഎല്ലില്‍ ശമ്പളമായി മാത്രം 100 കോടി രൂപ സ്വന്തമാക്കുന്ന ആദ്യത്തെ വിദേശ ക്രിക്കറ്ററെന്ന നേട്ടത്തിന് തൊട്ടരികിലാണ് ഡിവില്ലേഴ്‌സ്.

പുതിയ സീസണില്‍ ബംഗളൂരുവിനായി ബാറ്റേന്തുന്നതോടെയാണ് ഐപിഎല്‍ 100 കോടി ക്ലബില്‍ എബി ഡിവില്ലേഴ്‌സും ഇടംപിടിയ്ക്കുക. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ഡിവില്ലേഴ്‌സ്.

ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം സ്വന്തമാക്കിയ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ ഡിവില്ലേഴ്‌സ് ആറാംസ്ഥാനത്തുണ്ട്. 91.5 കോടിയാണ് ഇതുവരെ നടന്ന 13 സീസണുകളിലായി ശമ്പളമായി അദ്ദേഹം ഏറ്റുവാങ്ങിയത്. നിലവില്‍ ആര്‍സിബി പ്രതിവര്‍ഷം 11 കോടിയാണ് എബിഡിക്കു പ്രതിഫലമായി നല്‍കുന്നത്. പുതിയ സീസണിലും ഇതേ ശമ്പളം തന്നെ നല്‍കുന്നതോടെ എബിഡിയുടെ ശമ്പളം 100 കോടി കടക്കും.

നിലവില്‍ ഐപിഎല്‍ ചരിത്രമെടുത്താല്‍ മൂന്നു താരങ്ങള്‍ മാത്രമേ ശമ്പളമായി 100 കോടി കൈക്കലാക്കിയിട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി എന്നിവരാണവര്‍. ഈ എലൈറ്റ് ക്ലബിലേക്കാണ് ഡിവില്ലേഴ്‌സും ഇടംപിടിയ്ക്കുക.

2011 മുതല്‍ ഡിവില്ലേഴ്‌സ് ബംഗളൂരുവിനായാണ് ഐപിഎല്‍ കളിക്കുന്നത്. അതിനു മുമ്പ് 2008 മുതല്‍ 10 വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ താരമായിരുന്നു അദ്ദേഹം. 2010ല്‍ ഡല്‍ഹി ടീമില്‍ എബിഡിയുടെ ശമ്പളം 1.38 കോടിയായിരുന്നു. എന്നാല്‍ 2011ല്‍ ആര്‍സിബിയേക്കു മാറിയതോടെ ഇതു 5.6 കോടിയായി ഉയര്‍ന്നു. പിന്നീട് ഓരോ സീസണ്‍ തോറും ഇതു കൂടിക്കൊണ്ടിരുന്നു.

2014 മുതല്‍ 17 വരെ 9.5 കോടിയാണ് എബിഡിക്കു ആര്‍സിബി ശമ്പളമായി നല്‍കിയിരുന്നത്. 2018ല്‍ ഇതു 11 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിലും 11 കോടി വീതം നല്‍കി താരത്തെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു.

You Might Also Like