സത്യത്തില്‍ നിങ്ങളില്‍ എത്രമാത്രം മാറ്റങ്ങളാണ് ഭായ് സംഭവിച്ചത്, വിശ്വസിക്കാനാകുന്നില്ല

ബസന്ത് നൈരൂണ്‍ ബി.എന്‍

തന്നിലെ അവിശ്വസിനീയതയില്‍ തുടര്‍ന്നും വിശ്വസിക്കുവാന്‍ അയാള്‍ നമ്മളെ നിര്‍ബന്ധിക്കുകയല്ലേ? സത്യത്തില്‍ നിങ്ങളില്‍ എത്രമാത്രം മാറ്റങ്ങളാണ് ഭായ് സംഭവിച്ചത്..

നിരാശയോടെ തലകുനിച്ച് പവിലിയനിലേക്ക് മടങ്ങുന്ന ജോസ് ബട്‌ലര്‍. ഞൊടിയിടയില്‍ സംഭവിച്ചതെന്തെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ നിസ്സഹായനായി ക്രീസിനു വെളിയിലെ പിച്ചില്‍ മുട്ടുകുത്തിയിരിക്കുന്ന ഡേവിഡ് മില്ലര്‍, രണ്ട് തകര്‍പ്പന്‍ ദൃശ്യങ്ങളാണിവ …

തന്റെ ആദ്യ ഓവറിലെ നാലുപന്തുകളും ബട്‌ലര്‍ക്കെതിരെ മികച്ച രീതിയില്‍ തന്നെ അയാള്‍ ഡെലിവര്‍ ചെയ്യുന്നുണ്ട്,
എന്നാല്‍ അഞ്ചാം പന്തില്‍ രണ്ടും കല്‍പ്പിച്ച് ബാറ്റ് വെക്കുന്ന ബട്‌ലറുടെ ഒരു മിസ് ജഡ്ജ്ഡ് ഷോട്ട്, ഡീപ്പ് മിഡ് വിക്കറ്റില്‍ ബൗണ്ടറിയായി പരിണമിക്കുന്നത് അയാളില്‍ ചെറിയൊരു വേദന സൃഷ്ടിച്ചോ?

ശേഷം എറിയുന്ന ആറാം പന്തില്‍ ബട്‌ലര്‍ ആധികാരികമായി ഒരു ബൗണ്ടറി കൂടി പായിക്കുന്നതോടെ ഏറെ നാളുകളായി അയാള്‍ സ്വരുക്കൂട്ടി വെച്ചിരുന്ന ആത്മവിശ്വാസത്തിന് മുറിവേല്‍ക്കുകയാണ്, അവിടെ ‘ മുഹമ്മദ് സിറാജ് ‘ എന്ന ബൗളര്‍ തീര്‍ത്തും ബട്‌ലറാല്‍ ഹേര്‍ട്ട് ചെയ്യപ്പെട്ടിരുന്നു…

തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്ത്, ലെഗ് സൈഡിലേക്ക് നീങ്ങി പ്ലെയ്‌സ് ചെയ്യാന്‍ ശ്രമിച്ച ജോസിന്റെ {8} ലെഗ് സ്റ്റംപ് തകര്‍ത്താണ് സിറാജ് അതിനു മറുപടി നല്‍കുന്നത്. ആധിപത്യം സ്ഥാപിക്കാന്‍ എളുപ്പമല്ലാത്ത ഒരു ബൗളറായി താന്‍ മാറിക്കഴിഞ്ഞുവെന്നത് പരസ്യമായി സ്ഥാപിക്കുകയായിരുന്നു അയാളവിടെ…

ശേഷം ഡേവിഡ് മില്ലറുടെ ഊഴമായിരുന്നു. സിറാജില്‍ നിന്നും അത്തരമൊരു യോര്‍ക്കര്‍ ലെങ്ങ്ത് പന്ത് ഒരിക്കലും അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല, ഒന്നു ചിന്തിക്കാനുള്ള അവസരം പോലും നല്‍കാതെയാണ് മില്ലറുടെ പാദങ്ങളില്‍ സിറാജ് വര്‍ഷിച്ച ആ ബ്രഹ്മാസ്ത്രം പതിച്ചത്.

ആ പന്തിന്റെ മൂര്‍ച്ചയ്ക്ക് മുന്നില്‍ അടിപതറി വീണ മില്ലര്‍ക്ക് 0 (2) മറ്റൊന്നും അവിടെ ചെയ്യാനുണ്ടായിരുന്നില്ല.
ക്രീസില്‍ നിന്നും അകലെയല്ലാതെ മുട്ടുകുത്തിയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ ആ ഞെട്ടല്‍ അത്രത്തോളം പ്രകടവുമായിരുന്നു.

മില്ലര്‍ക്ക് പകരം വേറേതൊരു ഇടംകൈയ്യനായിരുന്നാലും ആ ആക്യൂറേറ്റ് ഡെലിവറിക്ക് മുന്‍പില്‍ സ്രാഷ്ടാംഗം പ്രണമിക്കാനേ സാധ്യതയുള്ളൂ…

അമ്പയര്‍ നിരസ്സിച്ച ആ എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ ഡി.ആര്‍.എസ്സ് റിവ്യൂവില്‍ ശരിവയ്ക്കപ്പെടുമ്പോള്‍ സിറാജിന്റെ ചുണ്ടില്‍ വിരിഞ്ഞ നിഷ്‌കളങ്കമായ ആ പുഞ്ചിരി, മുന്നോട്ടുള്ള പ്രയാണത്തില്‍ വല്ലാത്തൊരു പ്രതീക്ഷയാണ്…

സിറാജിന്റെ മുന്നില്‍ അടിയറവ് പറയേണ്ടി വരുന്ന ബട്‌ലര്‍, മില്ലര്‍, ഈ രണ്ടു പേരുകളും രാജസ്ഥാന്റെ ടോപ്പ് പ്രിയോറിറ്റി ബാറ്റിംങ്ങ് വിക്കറ്റുകളാണ് എന്നത് തന്നെയാണ് സിറാജിന്റെ പ്രകടത്തെ ശരിക്കും ശ്രദ്ധേയമാക്കുന്നത്?

തന്റെ അവസാന ഓവറില്‍ തെവാട്ടിയയുടെ ബാറ്റിങ്ങ് വൈദഗ്ദ്ധ്യത്തില്‍ ഒന്ന് പതറിപ്പോകുന്നുണ്ടെങ്കിലും അയാളുടെ വിക്കറ്റും ഷഹബാസ് അഹമ്മദിന്റെ കൈകളിലെത്തിച്ചാണ് സിറാജ് തന്നില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസത്തോട് 4-0-27-3 നീതി പുലര്‍ത്തുന്നത്…

തന്റെ അവിശ്വസിനീയതയില്‍ സ്ഥിരത കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഇയാള്‍ തന്നെയാണ് സമീപകാലത്ത് ഏറ്റവും ഇംപ്രൂവ്‌മെന്റ് കാഴ്ചവെക്കുന്ന പേസ്ബൗളര്‍ എന്നതില്‍ ഇനിയും സംശയിക്കേണ്ടതില്ല…

ഇനിയങ്ങോട്ടുള്ള സഞ്ചാരത്തിലും ഇതേ മൈന്‍ഡ് സെറ്റോടെ പന്തെറിഞ്ഞ് നമ്മുടെയൊക്കെ എക്‌സ്‌പെക്‌റ്റേഷന്‍സിനെയും മറികടന്ന് കൂടുതല്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാനും കീഴടക്കാനും അയാള്‍ക്ക് സാധിക്കട്ടെ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like