ഐപിഎല്‍, പൊട്ടിത്തെറിച്ച് ഓസീസ് താരങ്ങള്‍, അവര്‍ അതിരുവിടുന്നു
ഐപിഎല്‍ 14ാം സീസണില്‍ ഫൈനല്‍ കാണാതെ പുറത്തായ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങള്‍ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം. ബംഗളൂരു ആരാധകരാണ് ടീം പുറത്തായതിന് പിന്നാലെ താരങ്ങളുടെ കുടുംബാംഗങ്ങളെ പോലും വെറുതെ വിടാതെ സൈബറാക്രമണം നടത്തിയത്.
കൊല്‍ക്കത്തയ്‌ക്കെതിരെ എലിമിനേറ്ററില്‍ മോശം പ്രകടനം കാഴ്ചവച്ച ബാംഗ്ലൂര്‍ ഓള്‍റൗണ്ടറും ഓസിസ് താരവുമായ ഡാന്‍ ക്രിസ്റ്റ്യനുനേരെയാണ് കടുത്തആക്രമണം നടന്നത്. ക്രിസ്റ്റയന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്കുനേരെയും സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്.
ഇതോടെ ക്രിസ്റ്റ്യനും ബാംഗ്ലൂരിന്റെ മറ്റൊരു ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെലും കടുത്ത വിമര്‍ശനവുമായി രം?ഗത്തെത്തി.
ഡാന്‍ ക്രിസ്റ്റ്യന്റെ എറിഞ്ഞ ഒരു ഓവറില്‍ മൂന്നു സിക്‌സര്‍ നേടിയ കൊല്‍ക്കത്തയുടെ വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ ആണ് കെകെആറിന്റെ വിജയശില്‍പി. എന്നാല്‍ തന്റെ മോശം പ്രകടനത്തിന്റെ പേരില്‍ ഭാര്യയെ ഉന്നമിടുന്നത് അവസാനിപ്പിക്കണമെന്ന് ക്രിസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
‘എന്റെ ജീവിതപങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലൊന്നു പോയി നോക്കൂ. ഇന്നത്തെ മത്സരത്തില്‍ എന്റെ പ്രകടനം മോശമായിരുന്നു എന്നതു ശരിതന്നെ. അത് വെറും കളി മാത്രമല്ലേ. ദയവു ചെയ്ത് അവളെ ഇതില്‍നിന്നെല്ലാം ഒഴിവാക്കണം’, ഡാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഗ്ലെന്‍ മാക്‌സ്വെലും പ്രതികരിച്ചത്.’ആര്‍സിബിയെ സംബന്ധിച്ച് വളരെ മികച്ച സീസണായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ മോഹിച്ച സ്ഥലത്ത് എത്തും മുന്‍പേ പുറത്തായിരിക്കുന്നു. അതുകൊണ്ടു മാത്രം നമ്മുടെ മികച്ച പ്രകടനം ഇല്ലാതാകുന്നുണ്ടോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഓരോ ദിവസവും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന, അതിനായി ശ്രമിക്കുന്ന സാധാരണ മനുഷ്യരാണ് ഞങ്ങളും. ഇത്തരം അസഭ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പകരം നല്ല മനുഷ്യരായിരിക്കാന്‍ ശ്രമിക്കൂ’, മാക്‌സ്വെല്‍ കുറിച്ചു.
— Glenn Maxwell (@Gmaxi_32) October 11, 2021