അന്‍വര്‍ അലിയ്ക്ക് പ്രതീക്ഷയുടെ തുരുത്തുമായി പ്രീമിയര്‍ ലീഗ് ഡോക്ടര്‍മാര്‍
യുവതാരം അന്‍വര്‍ അലിയെ സജീവ ഫുട്‌ബോളില്‍ നിന്നും വിലക്കാനുളള ഓണ്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം രണ്ടാതൊന്ന് കൂടി ആലോചിക്കണം എന്ന് നിരീക്ഷിച്ച് വിദഗ്ധ ആരോഗ്യ സമിതി. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കാഡിയോളജി കണ്‍സെന്‍സസ് പാനല്‍ ചെയര്‍മാനായ പ്രൊഫസര്‍ സഞ്ജയ് ശര്‍മ്മയുടെ നേതൃത്വത്തിലുളള ആരോഗ്യ വിദഗ്ധരാണ് ഇക്കാര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ശുപാര്‍ശ ചെയ്യുന്നത്.
പ്രൊഫസര്‍ സഞ്ജയ് ശര്‍മ്മയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അന്‍വര്‍ അലിയ്ക്കായി ഒരു ഹിയറിംഗ് സംഘടിപ്പിച്ചിരുന്നു. ഹിയറിംഗില്‍ അന്‍വര്‍ അലിയും അദ്ദേഹത്തിന്റെ ഗാര്‍ഡിയന്‍സ് ആയ രഞ്ജിത്ത് ബജാജും ഹെന്ന ബജാജും അവരുടെ വക്കീല്‍ അമിത് തിവാരിയും പങ്കെടുത്തിരുന്നു.
‘ഡോക്ടര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുളള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളേഴ്‌സിനെ പരിശോധിക്കുന്നവരുടെ നേതൃത്വത്തിലാണ് സ്‌ക്രീനിംഗ് നടന്നത്. യൂറോപ്പിലെ ടോപ് ലീഗുകളില്‍ നൂറില്‍ ആധികം താരങ്ങള്‍ അന്‍വര്‍ അലിയുടെ സമാനമായ അവസ്ഥയിലോ അതിനേക്കാള്‍ മോശം അവസ്ഥയിലോ കളിക്കുന്നുണ്ട്. അന്‍വര്‍ അലിയുടെ നിലവിലെ അവസ്ഥ ഒരിക്കലും കളി നിര്‍ത്താന്‍ കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ തീര്‍ത്ത് പറഞ്ഞത്’ മിനര്‍വ്വ പഞ്ചാബ് ഉടമ കൂടിയായ രഞ്ജിത്ത് ബജാജ് പറയുന്നു.
അന്‍വര്‍ അലിയ്്ക്ക് ഒരു ശതമാനം മാത്രമാണ് വാര്‍ഷിക റിസ്‌ക്ക് ഉളളതെന്നും ഇക്കാര്യം വിശദമാക്കി പ്രെഫസര്‍ ശര്‍മ്മ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നും ബജാജ് കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ടിലെ കാര്‍ഡിയോളജിസ്റ്റും യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രെഫസറും ലണ്ടന്‍ മാരത്തോണിലെ മെഡിക്കല്‍ ഡയറക്ടറുമാണ് ശര്‍മ്മ.
ഏതായാലും പുതിയ വാര്‍ത്തകള്‍ അന്‍വര്‍ അലിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഹൃദയത്തില്‍ ബാധിച്ച ഗുരുത രോഗം മൂലമാണ് നേരത്തെ അന്‍വര്‍ അലിയെ ഫുട്‌ബോളില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയത്.