ചെന്നൈയുമായി ജഡേജ എല്ലാ ബന്ധവും മുറിച്ചു, ഇനി മഞ്ഞക്കുപ്പായത്തില്‍ കളിയ്ക്കില്ല

ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി സൂപ്പര്‍ താരം രവീന്ദ്ര ജഡേജ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇനിയുള്ള മാസങ്ങളില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ജഡേജ ഇനി ചെന്നൈയില്‍ കളിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ സീസണ്‍ കഴിഞ്ഞ ശേഷം ജഡേജയോ ചെന്നൈയോ പരസ്പരം ബന്ധപ്പെട്ടിട്ടില്ലത്രെ.

ചെന്നൈ സൂപ്പര്‍ കിങ്‌സെന്നത് ഒരു കുടുംബം പോലെയാണെന്നും സീസണ്‍ കഴിഞ്ഞാലും താരങ്ങള്‍ തമ്മിലുള്ള ബന്ധം സൂക്ഷിക്കണമെന്നുമാണു ടീമിന്റെ നയം. എന്നാല്‍ ജഡേജയുടെ കാര്യത്തില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. ക്യാപ്റ്റന്‍ സ്ഥാനം പോയതിനു പിന്നാലെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താരത്തിനു പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു തിരിച്ചെത്തിയെങ്കിലും താരം ചെന്നൈ സൂപ്പര്‍ കിങ്‌സുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണു വിവരം.

2023 ഐപിഎല്‍ സീസണിലും ചെന്നൈയില്‍ കളിക്കുമെന്ന് ധോണി അറിയിച്ചതിനാല്‍ ജഡേജ ഇനി ചെന്നൈ ക്യാംപിലെത്താന്‍ സാധ്യതയില്ല.

2012 മുതല്‍ ചെന്നൈയില്‍ കളിക്കുന്ന ജഡേജ 2018, 2021 വര്‍ഷങ്ങളില്‍ ഐപിഎല്‍ വിജയിച്ച ടീമുകളില്‍ അംഗമായിരുന്നു. കഴിഞ്ഞ സീസണില്‍ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീടു മാറ്റി. ജഡേജയ്ക്കു കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് എം.എസ്. ധോണിയെ തന്നെ വീണ്ടും ചെന്നൈ ക്യാപ്റ്റനായത്. തുടര്‍ന്നാണു താരവും സിഎസ്‌കെയും തമ്മിലുള്ള ബന്ധം വഷളായത്.

എന്നാല്‍ താരവുമായി എന്തെങ്കിലും പ്രശ്‌നമുള്ളതായി ചെന്നൈ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു.

 

You Might Also Like