സൂപ്പര്‍ താരം പുറത്ത്, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ തേടി കനത്ത തിരിച്ചടിയായി ഒരു ദുഖ വാര്‍ത്ത. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാകും.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മൂന്നാം ടെസ്റ്റില്‍ തള്ളവിരലിന് ഏറ്റ പരിക്കില്‍ നിന്ന് മോചിതനാകണമെങ്കില്‍ ജഡേജയ്ക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെയാണ് ജഡേജയില്ലാതെ ഇന്ത്യയ്ക്ക് ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പായത്.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരിമിത ഓവര്‍ മത്സരങ്ങളില്‍ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം പിന്നീട് മാത്രമേ സെലക്ടര്‍മാര്‍ തീരുമാനിക്കൂ എന്നാണ് സൂചനകള്‍. ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ജഡേജ. ആദ്യ മൂന്ന് ടെസ്റ്റിലം ജഡേജയുടെ മികവ് കൂടിയാണ് ഇന്ത്യയ്ക്ക് പരമ്പരയില്‍ പിടിച്ച് നില്‍ക്കാനായത്.

ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഗാബായിലെ നാലാം ടെസ്റ്റില്‍ അപ്രതീക്ഷിതമായി ടീമില്‍ അവസരം ലഭിച്ച വാഷിംഗ്ടണ്‍ സുന്ദറിന് ഒരു പരമ്പര കൂടി ഇന്ത്യയ്ക്കായി കളിക്കാനുളള അവസരമാണ് ഒരുങ്ങുന്നത്. ഗാബിയില്‍ ബാറ്റ് കൊണ്ട് സുന്ദര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ഐതിഹാസിക വിജയം സമ്മാനിച്ചത്.

അടുത്തമാസം അഞ്ച് മുതലാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മേധാവിത്വം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്.

കൂടാതെ രണ്ട് ടി20 മത്സരവും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നുണ്ട്.