അവനിനി അവിശ്വസനീയ റെക്കോര്‍ഡിനുടമ, ചരിത്ര നേട്ടം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിലെ അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പുറകെ തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലിലെ ഒരോവറല്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരങ്ങളില്‍ ഒരാളായി ജഡേജ മാറി.
ഓവറില്‍ 36 റണ്‍സാണ് ജഡേജ നേടിയത്. വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2011 ല്‍ കൊച്ചി ടാസ്‌കേഴ്‌സിനെതിരെ മലയാളി താരം പ്രശാന്ത് പരമേശ്വരന്‍ എറിഞ്ഞ ഓവറില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 36 റണ്‍സ് ക്രിസ് ഗെയ്ല്‍ നേടിയിരുന്നു.
ബംഗളൂരുവിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരെ അവസാന ഓവര്‍ എറിയാനെത്തിയ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡര്‍ കൂടിയായ ഹര്‍ഷാല്‍ പട്ടേല്‍ 37 റണ്‍സാണ് ഓവറില്‍ വഴങ്ങിയത്. 5 സിക്‌സും ഒരു ഫോറും ഒരു ഡബിളും ഉള്‍പ്പെടെ 36 റണ്‍സ് ജഡേജ സ്വന്തമാക്കിയപ്പോള്‍ ഓവറിലെ മൂന്നാം പന്ത് നോ ബോള്‍ കൂടിയാതോടെയാണ് പുതുചരിത്രം പിറയ്ക്കുകയായിരുന്നു.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 122 റണ്‍സ് നേടാനെ സാധിച്ചുള്ളു. നാലോവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ബംഗളൂരുവിനെ തകര്‍ത്തത്.
വിജയത്തോടെ പോയന്റ് ടേബിളില്‍ ബംഗളൂരുവിനെ പിന്നിലാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്. ഏപ്രില്‍ സണ്‍റൈസേഴ്സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം.