അശ്വിനെ തേടി ഐസിസിയുടെ സമ്മാനം, സര്‍പ്രൈസ്

Image 3
CricketTeam India

ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ തേടി നേട്ടം. ഐസിസിയുടെ ഫെബ്രുവരിയിലെ ‘പ്ലെയര്‍ ഓഫ് ദ് മന്ത്’ പുരസ്‌കാരം ആണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരം, ഫെബ്രുവരിയില്‍ മാത്രം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. മാത്രമല്ല, തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി കുറിക്കുകയും ചെയ്തു. ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് എന്ന നാഴികകല്ലും അശ്വിന്‍ പിന്നിട്ടു.

ഐക്യകഠേനയായിരുന്നു അശ്വിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഐസിസി പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റവുമധികം ഫാന്‍സ് വോട്ടുകള്‍ ലഭിച്ചതും അശ്വിനാണ്.

‘പ്രതികൂല സാഹചര്യങ്ങളില്‍ പോലും വിക്കറ്റ് നേടാനുള്ള അശ്വിന്റെ മികവ് ഇന്ത്യന്‍ ടീമിന് വളരെ സഹായകമായി. രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ നേടിയ സെഞ്ചുറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.’ ഐസിസി വോട്ടിങ് അക്കാദമി വക്താവ് ഇയാന്‍ ബിഷപ് പറഞ്ഞു.

ഇംഗ്ലണ്ട് താരം ടമി ബ്യൂമോണ്ടാണ് ഫെബ്രുവരിയിലെ വനിതാ ക്രിക്കറ്റ് താരം. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ മൂന്നു ഏകദിനങ്ങളിലും അര്‍ധസെഞ്ചുറി നേടാനായതാണ് ടമിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഈ വര്‍ഷമാണ് ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനായിരുന്നു പ്രഥമ പുരസ്‌കാരം.