ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി അശ്വിന്‍
ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്ന് പതിപ്പുകളിലും 50 വിക്കറ്റുകള്‍ വീതം അശ്വിന്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ ആയി മാറി അശ്വിന്‍.
2019-21 ലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ 71 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന്‍ 2021-23 ലെ രണ്ടാം പതിപ്പില്‍ 61 വിക്കറ്റുകളും അശ്വിന്‍ വീഴ്ത്തിയിരുന്നു. നിലവിലെ 2023-25 ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം 50 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞ അദ്ദേഹം ഈ അപൂര്‍വ റെക്കോര്‍ഡിലേക്ക് കുതിച്ചു.
നഥാന്‍ ലിയോണ്‍, പാറ്റ് കമിന്‍സ്, ടിം സൗത്തി തുടങ്ങിയ ബൗളര്‍മാര്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും മൂന്ന് തവണയും ഈ നാഴികക്കല്ല് പിന്നിടുന്നത് അശ്വിന്‍ മാത്രമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇതുവരെ 181 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അദ്ദേഹത്തിന് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരനാകാന്‍ ഇനി ആറ് വിക്കറ്റുകള്‍ കൂടി മതി. നിലവില്‍ 182 വിക്കറ്റുകളുമായി നഥാന്‍ ലിയോണാണ് ഒന്നാം സ്ഥാനത്ത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കും. നിലവില്‍ 51 വിക്കറ്റുകളുമായി ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് ഒന്നാമത്.
അശ്വിന്റെ ഈ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും ചരിത്രത്തിലെ സുവര്‍ണ്ണലിപികളില്‍ ഇടം നേടും എന്നതില്‍ സംശയമില്ല.