ഞാന്‍ കോച്ചായത് അബദ്ധത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ യഥാര്‍ത്ഥ കൈകളില്‍, തുറന്ന് പറഞ്ഞ് ശാസ്ത്രി

ഇന്ത്യയുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഉറച്ച പിന്തുണയുമായി മുന്‍ പരിശീലകനും ഇന്ത്യന്‍ താരവുമായ രവി ശാസ്ത്രി. പരിശീലകനെ ചുമതല താന്‍ ഏറ്റെടുത്തത് അബദ്ധത്തിലാണെന്നും എന്നാല്‍ ദ്രാവിഡ് ആ സ്ഥാനം വഹിക്കുന്നത് കൃത്യമായ സംവിധാനങ്ങളിലൂടെ കഠിനമായ പ്രതിസന്ധികള്‍ തരണം ചെയ്താണെന്നും ശാസ്ത്രി വ്യക്തമാക്കി.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ടീം ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ രാഹുല്‍ ദ്രാവിഡിന് സാധിക്കുമെന്നും ശാസ്ത്രി വിലയിരുത്തുന്നു.

‘എനിക്കുശേഷം ഈ ജോലിക്ക് രാഹുലിനേക്കാള്‍ മികച്ച വ്യക്തിയില്ല. എനിക്കീ ജോലി അബദ്ധത്തില്‍ കിട്ടിയതാണ്. ഞാന്‍ കമന്ററി ബോക്സിലായിരുന്നു. എന്നോട് അവിടേക്ക് പോകാന്‍ ആവശ്യപ്പെട്ടതാണ്, എന്റെ ജോലി ഞാന്‍ ചെയ്തു’ ശാസ്ത്രി പറഞ്ഞു.

‘എന്നാല്‍ രാഹുല്‍ കൃത്യമായ സംവിധാനങ്ങളിലൂടെ കഠിനമായ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്നിട്ടുള്ളയാളാണ്. അദ്ദേഹം അണ്ടര്‍-19 ടീമിന്റെ പരിശീലകനായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹം പറയുന്നതിനോട് ടീം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അതോടെ അദ്ദേഹമത് ആസ്വദിക്കാന്‍ തുടങ്ങും’ ശാസ്ത്രി വ്യക്തമാക്കി.

രവി ശാസ്ത്രി പരിശീലകനായതിന് ശേഷമാണ് ഇന്ത്യ ലോകത്ത് എവിടേയും അനായസാം ജയിക്കുന്ന ടീമായി മാറിയത്. അപ്പോഴും ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കാനാകാത്തത് ശാസ്ത്രിുടെ പരിശീലന കരിയറില്‍ കറുത്ത ഏടായി. ഇക്കാര്യം ദ്രാവിഡ് മറികടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

You Might Also Like