സൂര്യയോട് നിര്‍ണ്ണായക ആവശ്യവുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

Image 3
CricketIPL

ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണ നേരിട്ടതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മാച്ച് വിന്നിംഗ്‌സ് ഇന്നിംഗ്‌സ് കളിച്ച മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന് നിര്‍ണ്ണായക സന്ദേശം നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ക്ഷമയോടെ ഇരിക്കൂ എന്നാണ് രവി ശാസ്ത്രി സുര്യകുമാര്‍ യാദവിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് രവി ശാസ്ത്രി സൂര്യകുമാറിനോട് ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ടി-20 ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. അങ്ങനെയൊരു പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പരിശീലകന്റെ ട്വീറ്റ് ചര്‍ച്ചയായിരിക്കുകയയാണ്.

ഇന്നത്തെ മത്സരത്തില്‍ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്‌പ്പെടുത്തിയത്. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റണ്‍സ് നേടി പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.

മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ മനോജ് തിവാരി, ഹര്‍ഭജന്‍ സിംഗ്, ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്‌സാര്‍ക്കര്‍ തുടങ്ങിയവരൊക്കെ സെലക്ടര്‍മാരെ വിമര്‍ശിച്ച് രംഗത്തെത്തി. യാദവിനെ തഴഞ്ഞത് എന്തിനെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെലക്ടര്‍മാരോട് വിശദീകരണം തേടണമെന്ന് വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സൂര്യകുമാര്‍ മിച്ച ഫോമിലാണ്. 2018 ഐപിഎലില്‍ മുംബൈക്കായി ഏറ്റവുമധികം റണ്‍സ് നേടിയ യാദവ് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി ഏറ്റവുമധികം റണ്‍സ് നേടിയതും സൂര്യകുമാര്‍ ആയിരുന്നു.