പഞ്ചാബിന്റെ ‘അജ്ഞാത പോരാളികളെ’ , നിങ്ങളെ എങ്ങനെ മറക്കും? അവിശ്വസനീയം എന്നല്ലാതെ ഒന്നും പറയാനില്ല

സുരേഷ് വാരിയത്ത്
ഹര്‍പ്രീത് ബ്രാര്‍ എന്ന 25 വയസ്സുകാരനായ സര്‍ദാര്‍ജി എറിഞ്ഞ 7 പന്തുകള്‍ ഒരു പക്ഷേ തന്റെ ഇതുവരെയും ഇനിയങ്ങോട്ടുമുള്ള ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ചവ ആയിരിക്കാം…..
10 ഓവറില്‍ ജയിക്കാന്‍ ഒന്‍പത് വിക്കറ്റ് കൈവശം ഉള്ള നിലയില്‍ 118 റണ്‍സ് എടുക്കാന്‍ കോലിയും മാക്‌സിയും ഡിവില്ലേഴ്‌സുമടങ്ങിയ ടീമിന് വലിയ പ്രയാസമൊന്നുമില്ലായിരിക്കാം.
സ്റ്റെപ് ഔട്ട് ചെയ്ത് ഒരു ക്രോസ് ബാറ്റ് ഷോട്ടിനു തുനിഞ്ഞ കോലിയെ കബളിപ്പിച്ച ലോ ബൗണ്‍സ് ഡെലിവറി ലെഗ്സ്റ്റംപിനെ സ്ഥാനം തെറ്റിച്ചപ്പോള്‍, തൊട്ടടുത്ത പന്ത് ഓഫ് സ്റ്റംപില്‍ പിച്ച് ചെയ്ത് ബെയിലുകളെ മൃദുവായി ചുംബിക്കുമ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനു ആ സവിശേഷ സ്ഥിതി വിശേഷം വിശ്വസിക്കാന്‍ ഏതാനും സമയം വേണ്ടി വന്നു.
തുടര്‍ന്നാണ് അതി മനോഹരമായ മുഹൂര്‍ത്തം വരുന്നത്. മിസ്റ്റര്‍ 360 ഡിഗ്രി യെ വരിഞ്ഞു മുറുക്കിയ നാലു പന്തുകള്‍, തന്റെ നാലാമത്തെ ഐപിഎല്‍ മത്സരത്തിലെ പന്ത്രണ്ടാം ഓവറില്‍ ആദ്യ മെയ്ഡന്‍ നേടിയ അദ്ദേഹം തൊട്ടടുത്ത പന്തില്‍ ഡിവിലിയേഴ്‌സിനെ കവര്‍ ഡ്രൈവിന് പ്രേരിപ്പിച്ച് ക്യാപ്റ്റന്റെ കൈകളിലെത്തിച്ച് കളി പൂര്‍ണമായും പഞ്ചാബിന്റെ കൂടാരത്തിലെത്തിച്ചു.
രവി ബിഷ്‌ണോയ്, നിന്നെ എങ്ങനെ മറക്കും? ഒരു വശത്ത് നിങ്ങള്‍ കോലിയെയും പഠീദാറിനെയും വരിഞ്ഞു മുറുക്കി സമ്മര്‍ദ്ദമേറ്റിയപ്പോള്‍ ഹര്‍പ്രീതിനും കാര്യങ്ങള്‍ എളുപ്പമായി. ഒടുവില്‍ കാവ്യ നീതിയെന്നോണം ബാംഗളൂരിന്റ അവസാന പ്രതീക്ഷയായ ഷഹബാസ് അഹമ്മദിന്റെ വിക്കറ്റ് ഒരു മികച്ച കാച്ചിലൂടെ ഹര്‍പ്രീത് നിനക്ക് സമ്മാനിച്ചു.
ഹര്‍ഷല്‍ പട്ടേലിനെ പുറത്താക്കാന്‍ നിങ്ങളെടുത്ത ക്യാച്ചിനെ അവിശ്വസനീയം എന്നല്ലാതെ ഒന്നും പറയാനില്ല !
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍